നാസിക്: മഹാരാഷ്ട്രയിലെ മറാഠി മീഡിയം സ്കൂളുകളുടെ ദയനീയാവസ്ഥയിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. കുഭമേള പോലെയുള്ളവയ്ക്ക് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുനാസിക് ജില്ലയിലെ ഷീർപൂരിലുള്ള തന്റെ പഴയ സ്കൂൾ സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാസിക്കിൽ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായി സർക്കാർ 32,000 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന്റെ 0.1 ശതമാനം തുക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നൂറിലധികം മറാഠി വിദ്യാലയങ്ങളെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.റസിഡൻഷ്യൽ സ്കൂളുകളുടെയും ആശ്രമശാലകളുടെയും ദയനീയ സ്ഥിതിയും അദ്ദേഹം ഓർമ്മിപ്പിച്ചു. അടുത്തിടെ ഒരു ആശ്രമശാലയിൽ തറയിൽ കിടന്നുറങ്ങിയ മൂന്ന് പെൺകുട്ടികൾ പാമ്പുകടിയേറ്റ് മരിച്ച സംഭവം അദ്ദേഹം പരാമർശിച്ചു. മുൻകാലങ്ങളിൽ ബജറ്റിന്റെ 8 മുതൽ 12 ശതമാനം വരെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നെങ്കിൽ നിലവിൽ അത് ഗണ്യമായി കുറഞ്ഞുവെന്നും ഡിജിറ്റൽ ക്ലാസ് മുറികളും ആധുനിക ലാബുകളും ഒരുക്കി വിദ്യാലയങ്ങൾ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകൾ അടച്ചുപൂട്ടുന്നതിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി ജഡ്ജി
