പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിലെ പിഴവ് കാരണം തുടർപഠനത്തിനും ഇഷ്ടപ്പെട്ട കരിയറിനും തിരിച്ചടി നേരിട്ട വിദ്യാർഥിനിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്.മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നഷ്ടപരിഹാരം നല്കാൻ നിർദേശം നല്‍കിയത്.മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളില്‍ 2019 മാർച്ചില്‍ പ്ലസ് ടു പരീക്ഷ എഴുതിയ തൃക്കളത്തൂർ പണിക്കൊടിയില് സ്നേഹമോള് മണിയ്ക്കാണ് കോടതി ഉത്തരവിലൂടെ ആശ്വാസം ലഭിച്ചത്. സാമ്പത്തികശാസ്ത്രത്തിന് ആദ്യം ലഭിച്ചത് 57 മാർക്കായിരുന്നു. മറ്റ് വിഷയങ്ങളിലെല്ലാം എ പ്ലസ് നേടിയിരുന്ന വിദ്യാർഥിനി സാമ്പത്തികശാസ്ത്രത്തിന്റെ മാർക്കില്‍ സംശയം തോന്നിയതിനെ തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. എന്നാല്‍ പുനർമൂല്യനിർണയത്തില്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു, 80ല്‍ 80 മാർക്ക്.പുനർമൂല്യനിർണയ ഫലം പുറത്തുവന്നത് 2019 ജൂലൈ 22നായിരുന്നു. അപ്പോഴേക്കും സ്ഥിരം കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ അവസാനിച്ചിരുന്നു. ഇതോടെ ആഗ്രഹിച്ച കോളജില്‍ പ്രവേശനം നേടാനുള്ള അവസരം നഷ്ടമായി. പിന്നീട് പഠനം തുടരാൻ കടം വാങ്ങി കാനഡയിലേക്ക് പോകേണ്ട സാഹചര്യവും സ്നേഹമോള്ക്കുണ്ടായി.വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ ചോദ്യം ചെയ്ത് 2021ല്‍ വിദ്യാർഥിനി മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു. പിഴവ് വരുത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാർഥിനിയുടെ കരിയറിനുണ്ടായ നഷ്ടത്തിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടതും മാനസിക സംഘർഷങ്ങള്‍ നേരിട്ടതും അർഹിച്ച അംഗീകാരങ്ങള്‍ നിഷേധിക്കപ്പെട്ടതും പരിഗണിച്ചാണ് കോടതിച്ചെലവ് ഉള്‍പ്പെടെ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടത്.
പരീക്ഷയില്‍ 57 മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ 80, പഠനാവസരം നഷ്ടമായി; വിദ്യാര്‍ഥിനിക്ക് 4 ലക്ഷം നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്
