ഇ.ഡബ്ല്യു.എസ്.വരുമാന പരിധിക്കെതിരെയുള്ള ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തിന് നിശ്ചയിച്ചിട്ടുള്ള എട്ട് ലക്ഷം രൂപയുടെ വാർഷിക വരുമാന പരിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ഫീസ് ഘടന താങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ തേടാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

രാജസ്ഥാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവിൽ ഇടപെടാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.രാജസ്ഥാനിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടനയെയും അവിടെ ഇ.ഡബ്ല്യു.എസ് മാനദണ്ഡങ്ങൾ ബാധകമാക്കുന്നതിനെയും ചോദ്യം ചെയ്ത് ഹർഷവർദ്ധൻ സിങ് എന്നയാളാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രതിവർഷം 18.9 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഫീസ് ഈടാക്കുമ്പോൾ, ഇ.ഡബ്ല്യു.എസ് പരിധിയായ എട്ട് ലക്ഷം രൂപ എന്നത് പ്രായോഗികമല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ കോളേജുകൾക്ക് തുല്യമായ ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *