സംസ്ഥാനത്ത് ഏറെ വിവാദമായ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനത്തിൽ സർക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വഴിവിട്ട് എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് ചീഫ് സെക്രട്ടറിയെന്നും മന്ത്രിമാർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പോലും ചീഫ് സെക്രട്ടറി ചെയ്യുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ തുറന്നടിച്ചു. ഇക്കാര്യത്തിൽ കോടതിയെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബോഡി ബിൽഡർമാരുടെ പോലീസിലെ നിയമനവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് കെ.എം ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി വാദങ്ങൾ അവതരിപ്പിച്ചപ്പോഴാണ് കോടതി ഇടപെട്ട് നിർണ്ണായക ചോദ്യങ്ങൾ ഉന്നയിച്ചത്.മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്ന ഡി.ജി.പിയുടെ വാദത്തിൽ, ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടവരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നോ എന്നും നിയമനം ചട്ടങ്ങൾ ലംഘിച്ചല്ലേ നടന്നതെന്നും കോടതി ചോദിച്ചു. കായിക താരങ്ങളെ ആദരിക്കാനാണ് നിയമനം നൽകിയതെന്ന സർക്കാരിന്റെ വിശദീകരണവും കോടതി നിശിതമായി വിമർശിച്ചു. താരങ്ങളെ ആദരിക്കാൻ മറ്റ് വകുപ്പുകളിൽ ജോലി നൽകാതെ ഫിറ്റ്നസ് ഏറ്റവും നിർബന്ധമുള്ള സായുധ പോലീസിൽ തന്നെ എന്തിന് നിയമനം നൽകിയെന്ന് കോടതി ആരാഞ്ഞു. ഈ നിയമനം ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമല്ലേ നടന്നതെന്ന് ചോദിച്ച കോടതി, ഇതിൽ വിജിലൻസ് അന്വേഷണം വേണ്ടിവരുമെന്നും വ്യക്തമാക്കി. കൂടാതെ, നിയമനം ലഭിച്ച ഷിനു ചൊവ്വയുടെ അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയമാണ് യോഗ്യതയെന്ന വാദവും കോടതി തള്ളി. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു എന്ന കാരണത്താൽ മാത്രം ഒരു മത്സരം അംഗീകൃതമാകില്ലെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു
ബോഡി ബിൽഡർമാരുടെ ഇൻസ്‌പെക്ടർ നിയമനം: ചീഫ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
ബോഡി ബിൽഡർമാരുടെ ഇൻസ്പെക്ടർ നിയമനത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹ, നിയമനത്തിന് നിർണ്ണായക ശുപാർശ നൽകിയ അന്നത്തെ അഡ്മിനിസ്ട്രേഷൻ എഡിജിപി എസ്. ശ്രീജിത്ത്, ഫയലിൽ ഒപ്പിട്ട സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരിക്കെ, എഡിജിപി എസ്. ശ്രീജിത്തിന് ധൃതിപിടിച്ച് ഡിജിപിയായി പ്രൊമോഷൻ നൽകിയ നടപടിയെയും ഹൈക്കോടതി ചോദ്യം ചെയ്തു. വിജിലൻസ് ക്ലിയറൻസ് ലഭിച്ചതിന് ശേഷമാണോ ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നൽകിയതെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. ക്ലിയറൻസ് ഇല്ലാതെയും കാലാവധി കഴിഞ്ഞ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരവുമാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയതെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. കേസിൽ മറുപടി ഫയൽ ചെയ്യാൻ ഹർജിക്കാരന് സമയം അനുവദിച്ച ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. സർക്കാർ മുൻപ് സീൽഡ് കവറിൽ ഹാജരാക്കിയ രേഖകളും അന്ന് കോടതി വിശദമായി പരിശോധിക്കും.
