ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം.ജസ്റ്റിസ് ഉപാധ്യായയ്ക്ക് പുറമെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാള്‍, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേശ് കുമാർ സിംഗ് എന്നിവരെയാണ് സുപ്രീം കോടതിയിലേക്ക് കൊളീജിയം നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം യോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്.ലഖ്‌നൗവില്‍ അഭിഭാഷകനായി സർവീസ് ആരംഭിച്ച ജസ്റ്റിസ് ഉപാധ്യായ, അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ നിന്ന് കഴിഞ്ഞ 25 വർഷത്തിനിടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്ന രണ്ടാമത്തെ മാത്രം വ്യക്തിയാണെന്ന പ്രത്യേകതയുമുണ്ട്. മുൻപ് 2000-ല്‍ ജസ്റ്റിസ് ബ്രിജേഷ് കുമാർ മാത്രമാണ് ലഖ്‌നൗ ബെഞ്ചില്‍ നിന്നും സുപ്രീം കോടതിയിലേക്ക് എത്തിയത്.
ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയടക്കം 3 പേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാര്‍ശ ചെയ്ത് കൊളീജിയം
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ സ്വദേശിയായ അദ്ദേഹം 1991-ല്‍ ലഖ്‌നൗ സർവകലാശാലയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. തുടർന്ന് പിതാവ് ആർ. എ. ഉപാധ്യായയുടെ കീഴില്‍ സിവില്‍, ഭരണഘടനാ വിഷയങ്ങളില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007 മേയില്‍ ഉത്തർപ്രദേശ് ചീഫ് സ്റ്റാൻഡിംഗ് കൗണ്‍സലായി നിയമിതനായി. 2011 നവംബറിലാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നത്.തുടർന്ന് 2023 ജൂലൈയില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും, 2025 ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും അദ്ദേഹം ചുമതലയേറ്റു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതോടെ മൂവരുടെയും നിയമനം സുപ്രീം കോടതിയില്‍ പ്രാബല്യത്തില്‍ വരും.
