അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കണമെന്ന് ഹൈക്കോടതി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നിർദേശം. വൃക്കമാറ്റിവയ്ക്കലിലൂടെ കൂടുതൽ രോഗികൾക്ക് പുതുജീവൻ നൽകാൻ സ്വാപ്പ് ഡൊണേഷൻ പദ്ധതിയും നടപ്പാക്കണം. അവയവദാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉപദേശക സമിതിയുടെ ശുപാർശകൾ നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.അവയവദാനവുമായി ബന്ധപ്പെട്ട് 2017ൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന പരാതിയുമായി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഉത്തരവ്. സന്നദ്ധ അവയവദാതാക്കളെ കണ്ടെത്താൻ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കെ പിതാവ് മരിച്ചതിനെത്തുടർന്നാണ് തൃശൂർ സ്വദേശി അദ്വൈത് എം. കോടതിയെ സമീപിച്ചത്.ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അവയവദാനത്തിന് സന്നദ്ധരായവരുടെ അപേക്ഷകൾ സ്വീകരിക്കാനാകും. പരസ്പരം അനുയോജ്യരായ ദാതാക്കളെയും സ്വീകർത്താക്കളെയും കണ്ടെത്തുന്നതിനുള്ള സ്വാപ്പ് വൃക്കദാന പദ്ധതിയും പ്രധാന നിർദേശങ്ങളിൽ ഉൾപ്പെടുന്നു. അവയവദാതാക്കളുടെയും സ്വീകർത്താക്കളുടെയും വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.അവയവമാറ്റ ചികിത്സാച്ചെലവിൽ സുതാര്യത ഉറപ്പാക്കുക, അനുമതി നടപടികൾ ലളിതമാക്കുക തുടങ്ങിയ ശുപാർശകളും ഉപദേശക സമിതി മുന്നോട്ടുവച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദേശങ്ങളും സമിതിയുടെ ശുപാർശകളും പരിശോധിച്ച ഹൈക്കോടതി ഇവ അംഗീകരിച്ച് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണെന്ന് ഓർമിപ്പിച്ചു. ഇതോടെ ഹർജി തീർപ്പാക്കി.
അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വേണം; ഹൈക്കോടതി
