ന്യൂഡല്‍ഹി: മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഏറ്റവും അവസാന ഘട്ടത്തിലുള്ളവരെ കേവലം കുറ്റവാളികളായി മാത്രം കാണരുതെന്ന് സുപ്രീം കോടതി. ഇത്തരക്കാരെ നിയമനടപടിക്ക് വിധേയരാക്കുന്നതും വിചാരണ തീരുംമുമ്പ് തടവിലാക്കുന്നതും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്നതിലുപരി, അതിൻ്റെ ലഭ്യത തടയുന്നതിലും വിതരണ ശൃംഖല തകർക്കുന്നതിലുമാണ് നിയമപാലകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. “യഥാർത്ഥത്തിൽ ഇരകളായ ഉപയോക്താക്കളെ ശിക്ഷിക്കുന്നതിലല്ല, മറിച്ച് മയക്കുമരുന്നിൻ്റെ ലഭ്യത തടയുന്നതിലും വിതരണ ശൃംഖല തകർക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്” കോടതി വ്യക്തമാക്കി.ജയിലിലെ സഹവാസത്തിലൂടെയുണ്ടാകുന്ന ബന്ധങ്ങൾ അവരെ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിച്ചേക്കാൻ ഇടയാക്കിയേക്കാമെന്നും കോടതി വ്യക്തമാക്കി. “ഇത്തരം ഇരകളെ നിയമനടപടികൾക്ക് വിധേയരാക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം. വിചാരണാ വേളയിൽ ജയിലിലടയ്ക്കുന്നത് വഴി അവിടെയുണ്ടാകുന്ന ബന്ധങ്ങൾ അവരെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഭാഗമാകുന്നതിലേക്ക് നയിച്ചേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം” ബെഞ്ച് നിരീക്ഷിച്ചു.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം മയക്കുമരുന്ന് വിൽക്കുന്നവരിൽ നിന്ന് കഞ്ചാവ് അടങ്ങിയ ഒരു പൊതി കൈപ്പറ്റിയെന്നാരോപിച്ച് ഒരു സ്ത്രീക്കെതിരെ ‘നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ്, 1985’ പ്രകാരം ചുമത്തിയ കേസിലെ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്‍ഡിപിഎസ് കേസിൽ നാലാം പ്രതിയായാണ് ഈ സ്ത്രീയെ ഉൾപ്പെടുത്തിയിരുന്നത്
ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ ഇരകള്‍; ലക്ഷ്യമിടേണ്ടത് വിതരണക്കാരെയെന്ന് സുപ്രീം കോടതി
