ചെന്നൈ: തിരുപ്പറംകുൺട്രം കാർത്തിക ദീപത്തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂർവം ലംഘിച്ചുവെന്ന് ആരോപിച്ച് ഹിന്ദുമത വിശ്വാസികൾ കോടതിയെ സമീപിച്ചു. ഉത്തരവ് നടപ്പിലാക്കുന്നത് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നതായും ഇത് നിയമത്തിന്റെ പൂർണമായ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. വിഷയത്തിൽ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇതുസംബന്ധിച്ച് അപേക്ഷ സമർപ്പിക്കാൻ ഹർജിക്കാരോട് നിർദേശിച്ചു.
ദർഗയ്ക്ക് സമീപമുള്ള തർക്കസ്ഥലമായ തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ്, 2026 നവംബർ 24-ന് മധുര തിരുപ്പറംകുൺട്രം മലയിലെ ദീപത്തൂണിനു തമീപത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ ഒരുക്കിയ ദീപസ്തംഭത്തിലാണ് കാർത്തിക ദീപം തെളിയിച്ചത്. ദീപത്തൂണിൽ വിളക്ക് കത്തിക്കാതെ വൈകിട്ട് ആറുമണിയോടെ ക്ഷേത്രത്തിലെ പതിവ് സ്ഥലത്ത് ദീപം തെളിയിച്ചത്. ഉത്തരവ് ലംഘിച്ച് പഴയ രീതി തുടർന്നതാണ് വിശ്വാസികളുടെ എതിർപ്പിനും പുതിയ നിയമനടപടികൾക്കും വഴിവെച്ചത്.
തിരുപ്പറംകുൺട്രം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന സംസ്ഥാന നിയമമന്ത്രി സി.ടി.ആർ. നിർമ്മൽ കുമാറാണ് പരമ്പരാഗത സ്ഥലത്ത് ദീപം തെളിയിച്ച വിവരം അറിയിച്ചത്. കൽത്തൂണിൽ ദീപം തെളിയിക്കില്ലെന്ന് വ്യക്തമായതോടെ കുന്നിൻ ചുവട്ടിൽ പ്രതിഷേധിച്ചവരെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. തന്റെ സർക്കാരിന് ഭൂരിപക്ഷം നൽകുന്ന സഖ്യകക്ഷികളുടെ നിലപാട് കൂടി തേടിയ ശേഷമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൽത്തൂണിൽ വിളക്ക് തെളിയിക്കാതിരിക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന.
ഈ വർഷത്തേക്ക് മാത്രമായി ക്ഷേത്രം അധികാരപ്പെടുത്തിയ ഒരു ചെറിയ സംഘത്തിനാണ് കൽത്തൂണിൽ ചടങ്ങ് നടത്താൻ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നൽകിയത്. എന്നാൽ അവിടെ വിളക്ക് തെളിയിക്കാൻ ആർക്കെങ്കിലും പരമ്പരാഗത അവകാശമുണ്ടോ എന്ന കാര്യം കോടതി തീർപ്പാക്കിയിരുന്നില്ല
