ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം; പോലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധത്തിനിടയിൽ വനിതാ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച (ഒക്ടോബർ 13) ഈ നിർദ്ദേശം നൽകിയത്.നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ സമർപ്പിച്ച ഹർജി മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പോലീസ് നടപടി ന്യായീകരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കേസ് വ്യാഴാഴ്ച (ഒക്ടോബര് 15) പരിഗണിക്കുന്നതിനായി മാറ്റി.പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഉപദ്രവിക്കരുതെന്ന ഒക്ടോബർ 10-ലെ കോടതി ഉത്തരവ് പോലീസ് ലംഘിച്ചുവെന്നും, അതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രീഡം സ്പീച്ച് കളക്ടീവിനായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും ഹർജി നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര റിപ്പോർട്ടിംഗിനും സുരക്ഷയ്ക്കും ആവശ്യമായ കർശന മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *