ഹെയ്തിയിലെയും സിറിയയിലെയും ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് വർഷങ്ങളായി അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ചിരുന്ന ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടി.പി.എസ്.) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് അനുമതി നല്കി യുഎസ് സുപ്രീം കോടതി.6-3 ഭൂരിപക്ഷ വിധിയിലൂടെയാണ് ഹെയ്തിയില്‍ നിന്നുള്ള 3.5 ലക്ഷം പേരുടെയും സിറിയയില്‍ നിന്നുള്ള 6,100 പേരുടെയും ടി.പി.എസ്. റദ്ദാക്കുന്നതിന് കോടതി വഴിയൊരുക്കിയത്.യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങള്‍ മൂലം സ്വന്തം രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്തവർക്ക് അമേരിക്ക നല്കുന്ന പ്രത്യേക സംരക്ഷണമാണ് ടി.പി.എസ്. ഈ പദവിയുള്ളവർക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നതോടൊപ്പം, കുടിയേറ്റ പദവിയുടെ പേരില്‍ നാടുകടത്താനോ തടങ്കലിലാക്കാനോ സാധിക്കില്ല.ഹെയ്തിയില്‍ 2010-ലെ ഭൂകമ്പത്തെ തുടർന്നും സിറിയയില്‍ 2012-ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനെ തുടർന്നുമാണ് അമേരിക്ക ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ടി.പി.എസ്. അനുവദിച്ചത്. സർക്കാരിന്റെ ടി.പി.എസ്. റദ്ദാക്കല്‍ തീരുമാനം തടഞ്ഞിരുന്ന ഫെഡറല്‍ കോടതികളുടെ ഉത്തരവുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. ടി.പി.എസ്. സംബന്ധിച്ച നിയമം സർക്കാർ തീരുമാനങ്ങള്‍ കോടതികള്‍ പുനഃപരിശോധിക്കുന്നത് അനുവദിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് സാമുവല്‍ അലിറ്റോ വ്യക്തമാക്കി. ഹെയ്തിയൻ കുടിയേറ്റക്കാർ ഉന്നയിച്ച വംശീയ വിവേചന ആരോപണത്തിനും മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.എന്നാല്‍ സുപ്രീം കോടതിയിലെ മൂന്ന് ലിബറല്‍ ജഡ്ജിമാർ വിധിയോട് വിയോജിച്ചു. ജസ്റ്റിസ് എലീന കാഗൻ, ടി.പി.എസ്. പിൻവലിക്കാനുള്ള തീരുമാനം വംശീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ടു. ഹെയ്തിയൻ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തില്‍ വംശീയതയുടെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെയ്തിയൻ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ പിടികൂടി ഭക്ഷിക്കുന്നുവെന്ന അടക്കമുള്ള അടിസ്ഥാനരഹിത ആരോപണങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നു.വിധിക്കെതിരെ പ്രതികരിച്ച പബ്ലിക് റൈറ്റ്സ് പ്രോജക്ട് സി.ഇ.ഒ. ജില് ഹാബിഗ്, “ഇന്നത്തെ തീരുമാനം ലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുന്നതാണ്. കുടുംബങ്ങള്‍ വേർപിരിയും, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും, അക്രമവും അസ്ഥിരതയും നേരിടുന്ന രാജ്യങ്ങളിലേക്ക് ആളുകളെ നിർബന്ധിതമായി തിരിച്ചയക്കേണ്ടിവരും,” എന്ന് പ്രതികരിച്ചു.
ഹെയ്തി, സിറിയൻ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി; സംരക്ഷിത പദവി അവസാനിപ്പിക്കാൻ ട്രംപിന് അനുമതി നല്കി സുപ്രീം കോടതി
