ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല;തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

ചെന്നൈ: തമിഴ്നാട്ടിൽ മതപരിവർത്തനവും സംവരണവും സംബന്ധിച്ച ചർച്ചകൾക്കിടയിൽ നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതംമാറിയ ഒരാൾക്ക് മതപരിവർത്തനത്തിന്റെ പേരിൽ മാത്രം പിന്നാക്ക മുസ്ലിം വിഭാഗത്തിന്റെ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് അനുമതി നൽകിയിരുന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കോടതി റദ്ദാക്കി.ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. തൂത്തുക്കുടി സ്വദേശിയായ സമീർ അഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു കുടുംബത്തിൽ ജനിച്ച ഹർജിക്കാരൻ 2015-ൽ ഇസ്ലാം സ്വീകരിച്ചശേഷം ‘മുസ്ലിം ലെബ്ബായി’ വിഭാഗത്തിൽ ഉൾപ്പെടുത്തി പിന്നാക്ക മുസ്ലിം സമുദായ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.മതം മാറിയാൽ ഒരാൾ മുസ്ലിമാകുമെന്നതൊഴിച്ചാൽ ജന്മംകൊണ്ട് രൂപപ്പെടുന്ന പ്രത്യേക മുസ്ലിം സമുദായത്തിന്റെ അംഗമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജന്മസമുദായവുമായി ബന്ധപ്പെട്ട സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണ ആനുകൂല്യങ്ങൾ നൽകപ്പെടുന്നതെന്നും, മതപരിവർത്തനം മാത്രം അതിനുള്ള അവകാശം സൃഷ്ടിക്കില്ലെന്നും വിധിയിൽ വ്യക്തമാക്കി.2024-ൽ തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി വിഭാഗങ്ങൾ എന്നിവയിൽപ്പെട്ടവർ ഇസ്ലാം സ്വീകരിച്ചാൽ അവരെ പിന്നാക്ക മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുത്തി 3.5 ശതമാനം സംവരണ ആനുകൂല്യം നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, കോടതി ഈ ഉത്തരവ് ഭരണഘടനാ തത്വങ്ങൾക്കും നിലവിലുള്ള നിയമനിലപാടുകൾക്കും വിരുദ്ധമാണെന്ന് വിലയിരുത്തി.സർക്കാർ ഉത്തരവിലൂടെ നിലവിലുള്ള നിയമവ്യാഖ്യാനങ്ങളെയും കോടതി വിധികളെയും മറികടക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മതപരിവർത്തനം നടത്തിയ വ്യക്തിയെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു പ്രത്യേക മുസ്ലിം പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തമിഴ്നാട്ടിലെ സംവരണ നയത്തെയും മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെയും ബാധിക്കുന്ന സുപ്രധാന വിധിയായാണ് നിയമവിദഗ്ധർ ഈ ഉത്തരവിനെ വിലയിരുത്തുന്നത്. വിധിക്കെതിരെ തമിഴ്നാട് സർക്കാർ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *