ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിർദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേസ് പുനഃപരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയെ കക്ഷിയാക്കണമെന്നും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാദം കേൾക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നടപടി. രാഹുൽ ഗാന്ധിക്കും കുടുംബാംഗങ്ങൾക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മെയ് മാസത്തിൽ സിബിഐയോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) ഹൈക്കോടതി നിർദേശങ്ങൾ നൽകിയിരുന്നു.
സിബിഐ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇഡി അന്വേഷണം തുടരണമെന്നും ജസ്റ്റിസ് ബ്രിജ് രാജ് സിംഗ്, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാൻ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.
എന്നാൽ, ഹർജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു.
ഓഗസ്റ്റ് 17ന് കേസ് പരിഗണിച്ച സുപ്രീം കോടതി, രാഹുൽ ഗാന്ധിയുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് നിരീക്ഷിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിലെ തുടർനടപടികൾ നിർത്തിവെക്കാനും നിർദേശിച്ചു.
രാഹുൽ ഗാന്ധിക്ക് വാദം കേൾക്കാൻ അവസരം നൽകാതെ ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ പൂർണമായും റദ്ദാക്കി കേസ് വീണ്ടും പരിഗണിക്കാൻ തിരികെ അയച്ചത്.
