ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മല്‍സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഹരജിയില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് നിരീക്ഷിച്ച കോടതി, സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും കേസ് പരിഗണിക്കുകയെന്ന് വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നും പൊതുഗതാഗത സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതിഷേധ പരിപാടി തടയണമെന്ന ആവശ്യം അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിലപാട്. ഇതോടെ പ്രതിഷേധം തടയാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് കോടതി തീരുമാനം.നീറ്റ്, സിബിഎസ്ഇ, സിയുഇടി ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്കെതിരേ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അണിനിരത്തിയാണ് സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പരീക്ഷാ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ചലച്ചിത്രതാരം പ്രകാശ് രാജ്, സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക്, തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി സംഘാടകര്‍ അറിയിച്ചു.അതേസമയം, പ്രതിഷേധ പരിപാടിക്ക് ഡല്‍ഹി പോലിസ് അനുമതി നല്‍കിയിട്ടില്ല. എന്നിരുന്നാലും ഹൈക്കോടതിയുടെ പുതിയ നിലപാട് സമരസംഘാടകര്ക്കും പ്രതിഷേധത്തിന് പിന്തുണ നല്കുന്ന വിഭാഗങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി മന്ത്രിക്കെതിരായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രക്ഷോഭം തടയണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി
