കൃത്യമായ ഉത്തരവില്ലാതെ ട്രൈബ്യൂണലുകള്‍ക്ക് കേസ് അവസാനിപ്പിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: കൃത്യവും വ്യക്തവുമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ ട്രൈബ്യൂണലുകള്‍ക്ക് കേസുകള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.ട്രൈബ്യൂണലുകള്‍ അവരുടെ നിഗമനങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തണം. ശരിയായ വിധിന്യായമില്ലാതെ വസ്തുതകള്‍ വിവരിക്കുന്ന ഹ്രസ്വവും അവ്യക്തവുമായ ഉത്തരവുകള്‍വഴി അപ്പീലുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കാരണമില്ലാതെ കേസ് അവസാനിപ്പിച്ചുവെന്നു കണ്ടെത്തിയാണ് കോടതിയുടെ പരാമര്‍ശം.എതിര്‍വാദങ്ങളും തീരുമാനത്തിനുള്ള കാരണങ്ങളും ചര്‍ച്ച ചെയ്യാതെ വസ്തുതകള്‍ വെറുതെ പറഞ്ഞ് ഏതാനും വരികള്‍കൊണ്ടു വിഷയം അവസാനിപ്പിക്കാന്‍ ട്രൈബ്യൂണലുകള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.1999ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ ചട്ടങ്ങളും വാദങ്ങളും അനുബന്ധ രേഖകളും പരിഗണിച്ചശേഷം ഹര്‍ജിയില്‍ തീരുമാനം രേഖപ്പെടുത്തണമെന്ന് ട്രൈബ്യൂണലുകള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ആലപ്പുഴയിലെ തന്‍റെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് കെട്ടിട നമ്പറും ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ വിസമ്മതിച്ച മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഉത്തരവിനെതിരേ കെ.കെ. രഞ്ജിനി എന്ന യുവതി സമര്‍പ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *