ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദർഗ്ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ വരാനിരിക്കുന്ന കാർത്തിക ദീപ ഉത്സവത്തോട് അനുബന്ധിച്ച് നവംബർ 24-ന് കർശന ഉപാധികളോടെ ദീപം തെളിക്കാൻ ഒറ്റത്തവണ ക്രമീകരണമായി സുപ്രീം കോടതി ഭാഗിക അനുമതി നൽകിയിട്ടുമുണ്ട്. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിലെയും സർക്കാരിലെയും നിയുക്തരായ ഉദ്യോഗസ്ഥർ അടങ്ങുന്ന ചെറിയ സംഘത്തിന് മാത്രമേ നവംബർ 24-ന് ദീപം തെളിക്കാൻ അനുമതിയുള്ളൂ.
പ്രതിനിധി സംഘത്തിന്റെ വലിപ്പവും സുരക്ഷാ ക്രമീകരണങ്ങളും മധുര ജില്ലാ കളക്ടർ തീരുമാനിക്കും. ഇതിനായി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , പോലീസ് കമ്മീഷണർ എന്നിവരുമായി കളക്ടർ ചർച്ച നടത്തണം. ആവശ്യമെങ്കിൽ സി.ആർ.പി.എഫ് സേനയുടെ സുരക്ഷ ഉറപ്പാക്കാം. ചടങ്ങ് കഴിഞ്ഞ് 3 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
ദീപം തെളിയിക്കാൻ ഒറ്റത്തവണ അനുമതി നൽകിയതുകൊണ്ട് ദീപത്തൂണിൽ ആചാരപരമായ അവകാശം സ്ഥാപിക്കപ്പെടില്ലെന്ന് സുപ്രീംകോടതി പ്രത്യേകം വ്യക്തമാക്കി. മലമുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം, ദീപത്തൂണിന്റെ സ്വഭാവം, അവിടെ ദീപം തെളിയിക്കുന്നതിന് നിലവിലുള്ള ആചാരപരമായ അവകാശം തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മലമുകളിലുള്ള ദർഗയിലെയും പള്ളിയിലെയും പതിവ് ആരാധനകൾക്കും നിയമാനുസൃതമായ പ്രവേശനത്തിനും തടസ്സമുണ്ടാകരുത്. ദീപം തെളിയിക്കാനുള്ള അനുമതി മലമുകളിൽ പ്രവേശിക്കാനോ അവിടെ നിയന്ത്രണാവകാശം സ്ഥാപിക്കാനോ ഉള്ള അധിക അവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
