കാവേരി നദിയില്‍ നിന്ന് 11 ടിഎംസി വെള്ളം കൂടി വിട്ടുനല്‍കാൻ കർണാടകയ്ക്ക് നിർദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകള്‍ സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി.ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട് ഇന്ന് മൂന്നാമതൊരു അപേക്ഷ കൂടി സമർപ്പിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നാഥ്, ആ അപേക്ഷയും തള്ളുമെന്ന് വാക്കാല്‍ വ്യക്തമാക്കി.ഒക്ടോബർ ആറ് വരെയുള്ള കണക്കുകള്‍ പ്രകാരം ബില്ലിഗുണ്ടുലുവില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വെള്ളത്തില്‍ 11.719 ടിഎംസി കുറവുണ്ടെന്നും, മതിയായ ജലശേഖരം ഉണ്ടായിട്ടും കർണാടക വെള്ളം തടഞ്ഞുവെക്കുകയാണെന്നുമാണ് തമിഴ്‌നാട് വാദിച്ചിരുന്നത്. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (CWMA) നിർദ്ദേശങ്ങള്‍ കർണാടക നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്.കാവേരി നദീജല തർക്ക ട്രൈബ്യൂണല്‍ വിധി പ്രകാരം തമിഴ്‌നാട് 64 ടിഎംസി വെള്ളമാണ് അവകാശപ്പെടുന്നത്. നേരത്തെയുണ്ടായ വാദത്തിനിടെ തങ്ങള്‍ക്ക് 14 ടിഎംസി വെള്ളം മാത്രമാണ് ലഭിച്ചതെന്നും ആനുപാതികമായി 55.29 ശതമാനം വിഹിതത്തിന് അർഹതയുണ്ടെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് മൂന്നിലെ കണക്കുകള്‍ പ്രകാരം കർണാടകയിലെ നാല് പ്രധാന കാവേരി അണക്കെട്ടുകളില്‍ 77.537 ടിഎംസി മൊത്തം സംഭരണവും 67.517 ടിഎംസി ഉപയോഗയോഗ്യമായ സംഭരണവും ഉണ്ടായിരുന്നതായും, 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യൂസെക്സ് വെള്ളം വിട്ടുനല്‍കാനുള്ള നിർദ്ദേശം അപര്യാപ്തമാണെന്നും അപേക്ഷയില്‍ ആരോപിച്ചിരുന്നു.
ജൂലൈ 28-ന് ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (CWRC) യോഗം കൃഷ്ണരാജ സാഗർ, കബനി അണക്കെട്ടുകളില്‍ നിന്ന് ജൂലൈ 29 മുതല്‍ 15 ദിവസത്തേക്ക് ബില്ലിഗുണ്ടുലുവില്‍ 3,500 ക്യൂസെക്സ് ഒഴുക്ക് ഉറപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് ജൂലൈ 30-ന് CWMA അംഗീകരിച്ചു. പിന്നീട് ഓഗസ്റ്റ് 12 മുതല്‍ 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യൂസെക്സ് വീതം വെള്ളം വിട്ടുനല്‍കാനും CWRC ശുപാർശ ചെയ്യുകയും CWMA ഇത് ശരിവെക്കുകയും ചെയ്തിരുന്നു. കാവേരി തടത്തിലെ വരള്‍ച്ചാ സാഹചര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാടിന്റെ ആരോപണങ്ങളെ കർണാടക എതിർത്തിരുന്നു. അതേസമയം, CWMA നിർദ്ദേശിച്ച വെള്ളം ലഭിച്ചിട്ടുണ്ടെങ്കിലും ആനുപാതിക വിഹിതത്തിലെ കുറവ് നികത്താൻ നിർദ്ദേശമില്ലായിരുന്നുവെന്നും ആ കുറവ് നികത്തണമെന്നുമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്.
