ദീപാവലി ആഘോഷവേളയില്‍ വിശുദ്ധ ഖുർആനിലെ ‘ആയത്തുല്‍ കുർസി’ ആലേഖനം ചെയ്ത 30 കാരറ്റ് മരതക ലോക്കറ്റ് ധരിച്ചതിന് ബോളിവുഡ് നടി കരീന കപൂർ ഖാന് വക്കീല്‍ നോട്ടീസ്.കോണ്‍ഗ്രസ് നേതാവും ദേശീയ മീഡിയ കോ-ഓർഡിനേറ്ററുമായ അബ്ബാസ് ഹഫീസാണ് കരീനയ്ക്കും താരത്തിന്റെ സ്റ്റൈലിസ്റ്റ് റിയാ കപൂറിനും നോട്ടീസ് അയച്ചിരിക്കുന്നത്.ദീപാവലി ലുക്കിന്റെ ഭാഗമായി പുനീത് ബാലാന ഡിസൈൻ ചെയ്ത കഫ്താനും തലപ്പാവും അണിഞ്ഞ കരീന, ഭോപ്പാല്‍ രാജകുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ 200 വർഷം പഴക്കമുള്ള കല്ഗിയും ഭോപ്പാല്‍ ബീഗത്തിന്റേതായിരുന്ന മരതക ലോക്കറ്റുമാണ് ധരിച്ചിരുന്നത്. സാജിദ സുല്‍ത്താനയിലൂടെ കൈമാറിവന്ന രാജകീയ ആഭരണങ്ങളാണിതെന്ന് റിയാ കപൂർ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.വിശുദ്ധ ഖുർആൻ സൂക്തം ആലേഖനം ചെയ്ത ലോക്കറ്റ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച രീതി അതിന്റെ മതപരമായ പവിത്രതയ്ക്ക് കോട്ടം തട്ടുന്നതാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഉടൻ നീക്കം ചെയ്യണം. മുസ്ലിം സമുദായത്തിന്റെയും ഭോപ്പാല്‍ രാജകുടുംബവുമായി വേരുകളുള്ളവരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പൊലീസിനെയോ കോടതിയെയോ സമീപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഖുര്‍ആൻ സൂക്തം ആലേഖനം ചെയ്ത ലോക്കറ്റ് ധരിച്ചു: കരീന കപൂറിന് കോണ്‍ഗ്രസ് നേതാവിൻ്റെ വക്കീല്‍ നോട്ടീസ്
പാർട്ടിക്ക് വേണ്ടിയല്ല, മറിച്ച് വ്യക്തിപരമായ നിലയിലാണ് നോട്ടീസ് അയച്ചതെന്ന് അബ്ബാസ് ഹഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും വസ്ത്രധാരണ സ്വാതന്ത്ര്യത്തിലോ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലോ ഇടപെടാനല്ല, മറിച്ച് വിശുദ്ധ വചനങ്ങള്‍ ആലേഖനം ചെയ്ത വസ്തുക്കള്‍ അർഹിക്കുന്ന ആദരവോടെ അവതരിപ്പിക്കപ്പെടണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തില്‍ കരീന കപൂറോ റിയാ കപൂറോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
