സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്: ഭർത്താവിനും ഭർതൃമാതാപിതാക്കള്‍ക്കും തടവ് ശിക്ഷ

Oplus_16908288

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിനും ഭർതൃമാതാപിതാക്കള്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു.വള്ളികുന്നം വില്ലേജില്‍ എസ് കെ സദനം വീട്ടില്‍ ശിവൻകുട്ടിയുടെ മകള്‍ ദീപികയുടെ മരണത്തിലാണ് വിധി. ഒന്നാം പ്രതി കായംകുളം കീരിക്കാട് ഇടയില്‍ കുടുക്കയില്‍ കൊച്ചുകുട്ടൻ ആചാരി, രണ്ടാം പ്രതി ഭാര്യ സുമതി അമ്മാള്‍, മൂന്നാം പ്രതി മകൻ ശ്രീകുമാർ എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോർട്ട് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയ്ക്ക് വിധിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാം പ്രതിയായ ഭർത്താവിന് ഏഴ് വർഷം കഠിനതടവാണ് കോടതി വിധിച്ചത്.വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ ഒന്നും രണ്ടും പ്രതികള്‍ കൂടുതല്‍ സ്വർണവും പണവും ആവശ്യപ്പെട്ട് ദീപികയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. സ്ത്രീധനമായി ലഭിച്ച സ്വർണ്ണം കുറഞ്ഞുപോയെന്നും, കൊടുക്കാമെന്ന് പറഞ്ഞ ഒരു ലക്ഷം രൂപ എത്രയും പെട്ടെന്ന് നല്‍കണമെന്നും ആവശ്യപ്പെട്ട് ഇവർ നിരന്തരം പീഡിപ്പിച്ചു. വിദേശത്തായിരുന്ന ഭർത്താവ് ശ്രീകുമാർ, മാതാപിതാക്കള്‍ പറയുന്നത് കേട്ട് മര്യാദയ്ക്ക് താമസിക്കാനാണ് ദീപികയോട് ആവശ്യപ്പെട്ടത്.ഗർഭിണിയായിരുന്ന ദീപികയ്ക്ക് ആശുപത്രി ചെലവുകള്‍ക്ക് പണം നല്‍കാതെയും, സ്വന്തം വീട്ടുകാരോടൊപ്പം വിടാതെയും പ്രതികള്‍ പീഡനം തുടർന്നു. ഈ ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ദീപിക വീടിന്റെ ബെഡ്‌റൂമില്‍ ആത്മഹത്യ ചെയ്തത്. കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *