ന്യൂഡൽഹി: വിവാദമായ എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസിലെ ‘ജുഡീഷ്യറി’ അധ്യായവുമായി ബന്ധപ്പെട്ട മൂന്ന് അക്കാദമിക് വിദഗ്ദരെ കരിമ്പട്ടികയിൽ പെടുത്തിയ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. ഇവരെ സർക്കാർ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രോജക്റ്റുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിർദ്ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം.ഈ അക്കാദമിക് വിദഗ്ധരെ ഏതെങ്കിലും തരത്തിലുള്ള അക്കാദമിക് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അക്കാദമിക് വിദഗ്ദർ വസ്തുതകളെ മനപൂർവ്വം തെറ്റായി ചിത്രീകരിക്കുകയും എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് മുന്നിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മോശമായി കാണിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു സുപ്രീം കോടതി മുൻ ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ പരാമർശം കോടതി നീക്കം ചെയ്തു.അധ്യായം തയാറാക്കിയതിൽ ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നുവെന്നും കൂട്ടായ തീരുമാനത്തിന് ശേഷമാണ് ഇത് തയാറാക്കിയതെന്നുമുള്ള വിദഗ്ദരുടെ വാദം കോടതി അംഗീകരിച്ചു. അക്കാദമിക് വിദഗ്ദരുടെ ഭാഗം കേൾക്കാതെയാണ് മുൻ ഉത്തരവ് കോടതി പുറപ്പെടുവിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ അറിയിച്ചു. പുസ്തകത്തിലെ ഉള്ളടക്കം അനുചിതമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു. ഉള്ളടക്കം പുനഃപരിശോധിക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വിദഗ്ദ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ജുഡീഷ്യൽ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകൾ, ആവശ്യത്തിന് ജഡ്ജിമാരില്ലാത്ത അവസ്ഥ എന്നിവ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിൽ സുപ്രീം കോടതി കടുത്ത അമർഷം പ്രകടിപ്പിക്കുകയും, തുടർന്ന് എൻ.സി.ഇ.ആർ.ടി മാപ്പ് പറയുകയും പാഠ ഭാഗം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
പാഠ പുസ്തകത്തിൽ ജുഡീഷ്യൽ അഴിമതി ഉൾപ്പെടു ത്തിയ സംഭവം; അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി
