തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നശേഷം പാലത്തില്‍നിന്ന് ആറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതികളെ കോടതി വെറുതെ വിട്ടു.ചെന്നിത്തല തൃപ്പരുന്തുറ നന്ദു ഭവനത്തില്‍ പ്രവീണ്‍, ഭാര്യ മഞ്ജു എന്നിവരെയാണ് ചെങ്ങന്നൂര്‍ അസി.സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. മാന്നാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണിവര്‍. യുവതിക്ക് അവകാശപ്പെട്ട വസ്തു വിറ്റ് പണവുമായി വന്നാല്‍ വിവാഹം കഴിക്കാമെന്ന് ഒന്നാം പ്രതിയായ പ്രവീണ്‍ വിശ്വസിപ്പിച്ചിരുന്നു. ഇതനുസരിച്ച് പണവുമായി എത്തിയ യുവതിയെ 2018 ഡിസംബര്‍ 28ന് പ്രതികള്‍ തിരുവനന്തപുരത്തുനിന്നും മാവേലിക്കര വലിയ പെരുമ്പുഴക്കടവ് പാലത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രി യോടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും ഫോണും കവര്‍ന്ന ശേഷം പാലത്തില്‍നിന്നും അച്ചന്‍കോവിലാറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.വധശ്രമം, കവര്‍ച്ച തുടങ്ങിയ ഗുരുതരമായ വകുപ്പുകളായ 392 394, 397, 307, 34 ചുമത്തിയാണ് പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിചാരണവേളയില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികള്‍ക്കായി അഡ്വ.ഏബ്രഹാം ജോസഫ് ഹാജരായി.
വിവാഹവാഗ്ദാനം നല്കി യുവതിയെ ആറ്റില്‍ത്തള്ളിയ കേസ്: ദമ്പതികളെ കോടതി വെറുതെവിട്ടു
