എസി ബസിനുള്ള ടിക്കറ്റ് തുക ഈടാക്കിയ ശേഷം യാത്രക്കാരന് നോണ്‍-എസി ബസില്‍ യാത്ര നല്‍കുകയും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പാതിവഴിയില്‍ ഇറക്കിവിടുകയും ചെയ്ത സ്വകാര്യ ട്രാവല്‍ കമ്പനിക്ക് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത് വൻ പിഴ.പരാതിക്കാരനായ യാത്രക്കാരന് 31,500 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.ഹൈദരാബാദില്‍ നിന്ന് രാജമുണ്ട്രിയിലേക്ക് യാത്ര ചെയ്യുന്നതിനായി യുപിഐ വഴി 1,200 രൂപ നല്‍കിയാണ് പരാതിക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്തത്. എസി ബസിലെ യാത്ര വാഗ്ദാനം ചെയ്താണ് തുക ഈടാക്കിയതെങ്കിലും, യാത്രയ്ക്കായി ഏർപ്പെടുത്തിയത് നോണ്‍-എസി ബസായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, യാത്രക്കാരൻ ബുക്ക് ചെയ്ത രാജമുണ്ട്രിയില് ഇറക്കുന്നതിന് പകരം അർദ്ധരാത്രി 12:30 ഓടെ ലക്ഷ്യസ്ഥാനത്തിന് 9-10 കിലോമീറ്റർ അകലെയുള്ള കൊവ്വൂരില്‍ ഇയാളെ ബസുകാർ ഇറക്കിവിടുകയായിരുന്നു. തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ പ്രയാസപ്പെട്ടു. ഇത് മാനസിക വിഷമത്തിനിടയാക്കിയെന്നും പരാതിയില്‍ പറയുന്നു.
ബുക്ക് ചെയ്തത് എസി ബസ്, കൊടുത്തത് നോണ്‍ എസി, പാതിവഴിയില്‍ ഇറക്കിവിട്ടു, വന്‍തുക നഷ്ടപരിഹാരം വിധിച്ച് കോടതി
സംഭവത്തിന് ശേഷം 500 രൂപ റീഫണ്ട് ആവശ്യപ്പെട്ട് യാത്രക്കാരൻ ട്രാവല്‍ ഏജൻസിയെ സമീപിച്ചെങ്കിലും ഇവർ തുക നല്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, വളരെ മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് നാഷണല്‍ ഹെല്‍പ്പ്ലൈനെ ബന്ധപ്പെട്ടുവെങ്കിലും പരാതി സാങ്കേതിക കാരണങ്ങളാല്‍ തള്ളിയെന്നും യാത്രക്കാരന് പറയുന്നു. തുടര്‍ന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും ട്രാവല്‍ കമ്പനി ഹാജരായിരുന്നില്ല. പിന്നീട് പരാതി വിശദമായി പരിശോധിച്ച കോടതി, വാഗ്ദാനം ചെയ്ത സേവനം നല്‍കാത്തത് സേവനത്തിലെ വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് പിഴ വിധിച്ചത്.
