തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെ എസ് ഇ ബി മുൻ ചെയർമാനുമായ റിട്ട: ഐ എ എസ് ആർ. നാരായണനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാരിൻ്റെ അപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. അപേക്ഷയിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി നിരാകരിച്ചത്.ബ്രഹ്മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കോടികളുടെ അഴിമതി നടന്നെന്നാണ് വിജിലൻസ് കേസ്. അന്തരിച്ച മുൻ വൈദ്യുതി മന്ത്രി സിവി പത്മരാജൻ കെ എസ് ഇ ബി മുൻ ചെയർമാൻ ആർ നാരായണൻ, വൈ ആർ മൂർത്തി, മുൻ ചീഫ് എൻജിനീയർ സി ജെ ബർട്രാം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ ഏജൻ്റ് ദേബാശിഷ് മജുംദാർ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രണ്ടു പ്രതികളുടെ വിടുതൽ ഹർജി മുൻപ് കോടതി അംഗീകരിച്ചിരുന്നു.ഒന്നാം പ്രതിക്ക് 87 വയസായെന്നും, കഴിഞ്ഞ 27 വർഷമായി വിചാരണ നേരിടുകയാണെന്നും, എൽ ഡി എഫ് – യു ഡി എഫ് സർക്കാരുകൾ പ്രോസിക്യൂഷൻ അനുമതി (Section 197 Cr P C) നൽകിയിട്ടില്ലെന്നുമുള്ള വാദങ്ങൾ പ്രോസിക്യൂഷൻ ഉയർത്തിയെങ്കിലും കോടതി അവ തള്ളി. വിചാരണ തുടരാൻ വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഒന്നാം പ്രതിക്കെതിരെ വിചാരണ നടത്താൻ മതിയയായ പ്രാഥമിക തെളിവുകളുണ്ടെന്ന് മുൻപ് ഹൈക്കോടതി വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ വിജിലൻസ് കോടതി, കേസ് പിൻവലിക്കുന്നത് പൊതുതാൽപ്പര്യത്തിന് എതിരാണെന്ന് ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) സെക്ഷൻ 360 പ്രകാരമാണ് സർക്കാർ പ്രോസിക്യൂട്ടർ മുഖേന അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും നിരസിക്കുകയാണെന്നും പ്രത്യേക വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ബ്രഹ്മപുരം അഴിമതിക്കേസ്: മുൻ കെഎസ്ഇബി ചെയർമാൻ ആർ. നാരായണനെ ഒഴിവാക്കണമെന്ന സർക്കാർ ഹർജി തള്ളി
