മുത്തച്ഛന്റെ സ്വത്ത് പിതാവിന് ലഭിച്ചാൽ അതിൽ മക്കൾക്ക് അവകാശമില്ല; ചരിത്രപരമായ സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

പിതാവ് വഴിയായി ലഭിക്കുന്ന മുത്തച്ഛന്റെ സ്വത്തിൽ കൊച്ചുമകന് യാതൊരു വിധത്തിലുള്ള അവകാശവാദവും ഉന്നയിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിന്യായം. ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പിതാവ് സ്വത്തിന്മേൽ പൂർണമായ ഉടമസ്ഥാവകാശം നേടിയിട്ടുണ്ടെങ്കിൽ, ആ സ്വത്തിൽ സ്വന്തം മക്കളെ ഒഴിവാക്കാനും അത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ പിതാവിന് മാത്രമാണ് പൂർണ അധികാരമെന്നും പരമോന്നത കോടതി വ്യക്തമാക്കി.

29 വർഷം നീണ്ടുനിന്ന സങ്കീർണമായ ഒരു കുടുംബ സ്വത്ത് തർക്ക കേസിന് വിരാമമിട്ടുകൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള ജെ രാജേഷ് നൽകിയ അപ്പീൽ ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

1993-ൽ ഹർജിക്കാരന്റെ അമ്മായി അഥവാ പിതാവിന്റെ സഹോദരി മുത്തച്ഛന്റെ സ്വത്ത് വീതംവെക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് 1994 ഫെബ്രുവരിയിൽ കോടതി വഴി ഉണ്ടായ ഒരു വിഭജന കരാറിലൂടെ 1,811 ചതുരശ്ര അടി ഭൂമി ഹർജിക്കാരന്റെ പിതാവിന് ലഭിച്ചു. എന്നാൽ 1997-ൽ ഈ സ്വത്ത് പിതാവ് മറ്റൊരാൾക്ക് വിറ്റു. ഇതിനെതിരെയാണ് കൊച്ചുമകൻ തനിക്ക് ജന്മാവകാശമായി സ്വത്തിൽ പകുതി പങ്ക് ലഭിക്കണമെന്ന് വാദിച്ച് 1997-ൽ കോടതിയെ സമീപിച്ചത്.തുടക്കത്തിൽ വിചാരണ കോടതി ഹർജിക്കാരന് അനുകൂലമായി ഉത്തരവിട്ടെങ്കിലും ഫസ്റ്റ് അപ്പലേറ്റ് കോടതിയും തുടർന്ന് മദ്രാസ് ഹൈക്കോടതിയും ഈ ഉത്തരവ് റദ്ദാക്കി.

1956-ലെ ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്താണെന്നും അതിൽ കൊച്ചുമകന് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.നിയമപരമായ വിലയിരുത്തൽഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം ഒരു വ്യക്തി വിൽപത്രം എഴുതിവെക്കാതെ മരണപ്പെട്ടാൽ മുത്തച്ഛന്റെ സ്വത്ത് ‘ക്ലാസ് 1’ അവകാശികൾക്കാണ് തുല്യമായി ലഭിക്കുന്നത്. മകൻ ജീവിച്ചിരിക്കുമ്പോൾ കൊച്ചുമകൻ ക്ലാസ് 1 അവകാശികളുടെ പട്ടികയിൽ വരുന്നില്ല. അതിനാൽ പിതാവിന് ലഭിച്ച സ്വത്തിൽ ജന്മാവകാശപ്രകാരം കൊച്ചുമകന് വീതം ചോദിക്കാൻ നിയമപരമായി അർഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.സ്വത്ത് വിഭജനം പൂർത്തിയായിക്കഴിഞ്ഞാൽ അത് സംയുക്ത കുടുംബ സ്വത്ത് എന്ന അവസ്ഥയിൽ നിന്ന് മാറി വ്യക്തിഗത സ്വത്തായി മാറും. സെക്ഷൻ എട്ടിന്റെ വ്യക്തമായ വകുപ്പുകളെ മറികടന്ന് പഴയ വ്യക്തിഗത ഹിന്ദു നിയമങ്ങളിലെ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു.പിതാവിന് ലഭിക്കുന്ന മുത്തച്ഛന്റെ സ്വത്ത് അദ്ദേഹത്തിന്റെ മാത്രം സ്വന്തമാണെന്നും, കുടുംബത്തിലെ മറ്റു പുരുഷന്മാരെയോ മക്കളെയോ അതിൽ പങ്കാളികളാക്കാൻ പിതാവ് ബാധ്യസ്ഥനല്ലെന്നും കോടതി നിരീക്ഷിച്ചു. സ്വത്ത് വകകൾ വിൽക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോ മക്കളുടെ സമ്മതം വാങ്ങേണ്ടതില്ല.അത്തരം സ്വത്തുകൾ വാങ്ങുന്ന വ്യക്തികളുടെ അവകാശവും സുരക്ഷിതമായിരിക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.പഴയ ഹിന്ദു നിയമം വഴി കൊച്ചുമക്കൾ ഉന്നയിച്ചിരുന്ന അവകാശവാദങ്ങൾക്ക് തടയിടുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധിന്യായം. രാജ്യത്തെ നിരവധി വസ്തു തർക്ക കേസുകളിൽ ഇനിമുതൽ ഈ വിധിന്യായം വലിയ മാർഗനിർദേശമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *