ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ നടന്നത് അഴിമതി തന്നെ; പി.എസ്.സിയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: പി.എസ്.സിയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ നടന്നത് അഴിമതി തന്നെയെന്ന് കോടതിയുടെ പരാമര്‍ശം. സാങ്കേതിക പിഴവാണ് ഉണ്ടായതെന്ന പി.എസ്.സി വാദം കോടതി തളളി. ചിലര്‍ പി.എസ്.സിയെ കുടുംബസ്വത്താക്കിയെന്ന് ഹൈക്കോടതി പറഞ്ഞു. നിയമനം ലഭിച്ചത് ഭരണകക്ഷിയുടെ ആള്‍ക്കെല്ലേ എന്നും കോടതി ചോദിച്ചു. സാങ്കേതിക പിഴവ് തിരുത്തിയെന്ന് പി.എസ്.സി അറിയിച്ചപ്പോള്‍ ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

മൂല്യനിര്‍ണയം നടത്തിയതില്‍ പിഴവുണ്ടെന്നും ചിലരെ ഒഴിവാക്കുന്നതാണ് അഴിമതിയെന്നും കോടതി തുറന്നടിച്ചു. എഫ്‌ഐആര്‍ റദ്ദാക്കമെന്ന് പി.എസ്.സി ഇന്നും ആവര്‍ത്തിച്ചു. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി കിട്ടിയിട്ടില്ലെന്ന സാങ്കേതിക വാദവും പി.എസ്.സി ഉന്നയിച്ചു. മാധ്യമങ്ങള്‍ പറയുന്നത് ശരിയല്ലെന്ന് പി.എസ്.സി പറഞ്ഞപ്പോള്‍ എല്ലാം സര്‍ക്കാരിന്റെ സൈറ്റിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.

പി.എസ്.സിയുടെ വാദം സര്‍ക്കാര്‍ തള്ളി. 180 പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്നും പി.എസ്.സി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും സര്‍ക്കാര്‍ ചോദിച്ചു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി ഇതുവരെ ഇടപെട്ടിട്ടില്ല. കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *