പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ തലവൻ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾ സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേശ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ സുപ്രധാന നടപടി. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ച് കോടതി നോട്ടിസ് അയച്ചു.

തുടർനടപടികൾ നിർത്തിവച്ചുമറുപടി ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്കായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് കോടതിയിൽ ഹാജരായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ തലവൻ’ (ചോരോം കേ സർദാർ), ‘കമാൻഡർ ഇൻ തീഫ്’ എന്നിങ്ങനെ വിശേഷിപ്പിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകനായ മഹേഷ് ശ്രീശ്രീമാൽ ആണ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. ഈ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബർ എട്ടിലെ ഉത്തരവിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.മജിസ്ട്രേറ്റ് കോടതി അയച്ച സമൻസിനെതിരെ രാഹുൽ ഗാന്ധി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി പ്രവർത്തകൻ നൽകിയ പരാതി നിലനിൽക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന വാദം. തൻ്റെ പരാമർശത്തിൽ ബിജെപിയെയോ മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും, വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാൽ ഈ കേസിൽ വിചാരണ നടത്താൻ പരാതിക്കാരന് നിയമപരമായ അവകാശമില്ലെന്നും രാഹുൽ ഗാന്ധിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സുദീപ് പസ്ബോള കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ ബോംബെ ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.ഹൈക്കോടതിയുടെ നിരീക്ഷണംദേശീയ തലത്തിൽ രജിസ്റ്റർ ചെയ്ത ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഒരു വിഭാഗം തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരൻ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ബിജെപി അംഗമായ പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവൻ എന്ന് വിശേഷിപ്പിക്കുമ്പോൾ, ആ പരാമർശം പാർട്ടിയുടെ മുതിർന്ന നേതാക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ പരാമർശം പാർട്ടിയുടെ സാധാരണ അംഗങ്ങളെ എത്രത്തോളം ബാധിക്കുമെന്നത് വിചാരണ വേളയിൽ പരിശോധിക്കേണ്ട വിഷയമാണെന്നും, അതിനാൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ യാതൊരു അപാകതയുമില്ലെന്നും ഹൈക്കോടതി ജഡ്ജി വ്യക്തമാക്കിയിരുന്നു. ശശി തരൂർ ഉൾപ്പെട്ട സമാനമായ ഒരു കേസിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും ബോംബെ ഹൈക്കോടതി ഇതിനായി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *