ആസിഡ് ആക്രമണക്കേസിൽ ഐപിസി 326എ വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കാൻ പൊള്ളലേറ്റ മുറിവുകൾ ശരീരഭാഗങ്ങളിൽ സ്ഥിരമായ ആഘാതം സൃഷ്ടിച്ചിരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. 13 ദിവസത്തിനുള്ളിൽ ഉണങ്ങുകയും ദൃശ്യമായ പാടുകളോ പ്രവർത്തനപരമായ വൈകല്യങ്ങളോ അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സാധാരണ പൊള്ളലുകൾ ഈ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.ആസിഡ് ആക്രമണക്കേസിൽ 10 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട തീർഥരാജിന്റെ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയുടെ നിരീക്ഷണം. ഇരയുടെ ശരീരത്തിൽ ഏകദേശം 35 ശതമാനം ഭാഗത്ത് പൊള്ളലേറ്റതായി പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, 13 ദിവസത്തിന് ശേഷമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരിക്കുകളോ ദൃശ്യമായ പാടുകളോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.തുടർന്ന് ഐപിസി 326എ പ്രകാരമുള്ള ശിക്ഷ റദ്ദാക്കിയ കോടതി, അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനുള്ള ഐപിസി 324 വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ഈ വകുപ്പിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി ശിക്ഷയേക്കാൾ കൂടുതൽ കാലം പ്രതി ഇതിനകം തടവ് അനുഭവിച്ചിരുന്നതിനാൽ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
13 ദിവസത്തിനുള്ളിൽ പാടുകളില്ലാതെ ഭേദമായ പൊള്ളൽ ഐപിസി 326എ യുടെ പരിധിയിൽ വരില്ല; അലഹബാദ് ഹൈക്കോടതി
