ഭാര്യ വീട്ടുജോലിക്കാരിയല്ല’; പാചകം ചെയ്യാത്തതിന്റെ പേരിൽ വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: ഒട്ടുമിക്ക ദാമ്പത്യ തർക്കങ്ങളിലും വിവാഹമോചനക്കേസുകളിലും സാധാരണയായി ഉയര്‍ന്നുവരുന്ന പ്രധാന പരാതികളിലൊന്നാണ് ഭാര്യ വീട്ടുജോലികള്‍ ചെയ്യുന്നില്ലെന്നോ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നോ ഒക്കെയുള്ളത്. എന്നാൽ, ഭാര്യമാർ വീട്ടുജോലിക്കാരല്ലെന്നും വിവാഹം എന്നത് തുല്യ പങ്കാളിത്തമുള്ള ഒന്നാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ഭാര്യ പാചകം ചെയ്യുന്നില്ലെന്നോ വീട് വൃത്തിയാക്കുന്നില്ലെന്നോ ഉള്ള കാരണങ്ങളാൽ ഭർത്താവിന് വിവാഹമോചനം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവിന് കുടുംബ കോടതി അനുവദിച്ച വിവാഹമോചനവും ഹൈക്കോടതി റദ്ദാക്കി. കൂടാതെ, വേർപിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകാനും കോടതി ഉത്തരവിട്ടു.ഭാര്യയെ ഒരിക്കലും ഒരു ‘വേലക്കാരിയായി’ കണക്കാക്കരുതെന്നും വീട്ടുജോലികൾ ചെയ്യാൻ അവർ നിർബന്ധിതരാണെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി.2002-ലാണ് ദമ്പതികൾ വിവാഹിതരായത്. ഭർത്താവിന്റെ വാദപ്രകാരം വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർക്കിടയിൽ തർക്കങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് 2002-ല്‍ തന്നെ ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും, അവൾ അഹങ്കാരിയും അനുസരണക്കേട് കാണിക്കുന്നവളുമാണെന്നും, വീട്ടുജോലികൾ കൃത്യമായി ചെയ്യാത്തത് തനിക്ക് വലിയ മാനസിക സമ്മർദത്തിന് കാരണമാകുന്നുണ്ടെന്നും ഭർത്താവ് വാദിച്ചു. വിവാഹ നിയമപ്രകാരം ഈ പ്രവൃത്തികൾ ക്രൂരതയുടെ പരിധിയിൽ വരുമെന്നും അയാൾ വാദിച്ചു.എന്നാല്‍ ഭര്‍ത്താവിന്‍റെ വാദങ്ങളെല്ലാം കോടതി തള്ളി. വീട്ടുജോലികൾ ചെയ്യാത്തത് ‘മാനസിക ക്രൂരത’യായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം എന്നത് തുല്യ പങ്കാളിത്തമാണ്, വിവാഹം എന്നത് പരസ്പരം തുല്യ പങ്കാളികളാകുന്ന ഒരു ബന്ധമാണ്, അല്ലാതെ അതൊരു സേവന കരാറോ ഭാര്യമാർ വീട്ടുജോലിക്കാരോ അല്ലെന്ന് കോടതി വ്യക്തമാക്കി.അവഹേളനം, വൈകാരിക പീഡനം, വ്യക്തിസ്വാതന്ത്ര്യം തടയൽ എന്നിവയാണ് യഥാർത്ഥ മാനസിക ക്രൂരതയുടെ പരിധിയിൽ വരുന്നത്. അല്ലാതെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചെറിയ തർക്കങ്ങളോ വീട്ടുജോലികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ക്രൂരതയായി കാണാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.നേരത്തെ 2010-ൽ കുടുംബ കോടതി ഭർത്താവിന് അനുകൂലമായി വിവാഹമോചനം അനുവദിച്ചിരുന്നു. ഭാര്യയ്ക്ക് സ്വന്തമായി വരുമാനമാർഗ്ഗമുണ്ടെന്ന് കാണിച്ചായിരുന്നു അന്ന് ജീവനാംശം നിഷേധിച്ചത്. എന്നാൽ, ചെറിയ രീതിയിൽ ക്രാഫ്റ്റ് ക്ലാസുകൾ നടത്തുന്നത് സ്ഥിരവരുമാനമായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി ഇപ്പോൾ കുടുംബ കോടതിയുടെ ഉത്തരവ് തിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *