സിഎംആർഎൽ–എക്സാലോജിക് ഇടപാട്: ഹൈക്കോടതി വിധിക്ക് പിന്നാലെ ഇഡി റെയ്ഡ്

സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ കൊച്ചിയിൽ ഇഡി പരിശോധന നടത്തുന്നത് അഞ്ചിടത്ത്. സി.എം.ആർ.എലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. CMRL ഡയറക്ടർ ബോർഡ് അംഗം ശരൺ എസ്. കർത്തയെ ഇ.ഡി ചോദ്യം ചെയ്തു. ഇഡിയുടെ തുടർനടപടികൾ രണ്ടാഴ്ചത്തേക്ക് തടയണമെന്ന സി.എം.ആർ.എൽ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പരിശോധന. സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം.ആർ.എൽ ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെ രാവിലെ പത്തേകാലിനാണ്. ഇഡിയുടെ തുടർനടപടികൾ രണ്ടാഴ്ചത്തേക്ക് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് ഉത്തരവിന്റെ പകർപ്പ് പുറത്തുവരുന്നത്. ഇതിന് 13 മണിക്കൂറുകൾക്കപ്പുറമാണ് പന്ത്രണ്ടിടങ്ങളിലേക്ക് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. സി.എം.ആർ.എലുമായി ബന്ധപ്പെട്ട ആറിടത്തായിരുന്നു കൊച്ചിയിലെ പരിശോധന. അലുവയിലെ സി.എം.ആർ.എൽ ഓഫീസ്, എം.ഡി. ശശിധരൻ കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ, CMRL ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ജനറൽ മാനേജർ എന്നിവരുടെ വീടുകളിലാണ് പരിശോധന.സൗത്ത് കളമശേരിയിൽ ശശിധരൻ കർത്തായുടെ നിപുണ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പണിതീരാത്ത കെട്ടിടത്തിലും രാവിലെ ആറിന് ഇ.ഡി ഉദ്യോഗസ്ഥർ എത്തി. കർത്തയുടെ പഴയ വീട് പൊളിച്ച് ഓഫീസാക്കിയ കെട്ടിടം ഇപ്പോൾ വീണ്ടും പൊളിച്ച് പണിയുകയാണ്. കാര്യങ്ങൾ അയൽവാസികളോട് ചോദിച്ച് മനസ്സിലാക്കിയശേഷം ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ചികിത്സയിലായതിനാൽ ആലുവയിലെ വീട്ടിൽ ശശിധരൻ കർത്ത ഉണ്ടായിരുന്നില്ല. മകനും, സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗവുമായ ശരൺ എസ്. കർത്തയെ ഇ.ഡി ചോദ്യം ചെയ്തു. എക്സാലോജികുമായുള്ള കരാർ, ഇവർ നൽകിയ സേവനങ്ങൾക്കുള്ള ഇൻവോയ്സ് പകർപ്പുകൾ, ഇടപാടിൻ്റെ അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ രേഖകളാണ് പ്രധാനമായും ഇ.ഡി പരിശോധിക്കുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *