ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ നിർമ്മാണവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സംഭാവനകളിൽ വൻ ക്രമക്കേടും ‘തട്ടിപ്പും’ നടന്നെന്ന പരാതികളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സുപ്രീം കോടതി.കേസിൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പ്രാദേശിക പൊലീസിന് പകരം നേരത്തെ വിഷയം പരിശോധിച്ച മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങിയ എസ്ഐടിക്ക് കേസ് കൈമാറാനാകുമോ എന്ന് വ്യക്തമാക്കാൻ യുപി സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിഷയം രാഷ്ട്രീയ ആയുധമാക്കരുതെന്നും, കോടതി രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.കേസിൽ ഉത്തർപ്രദേശ് സർക്കാർ നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചതായി യു.പി സർക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ കേസിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി, ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നീ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ എസ്.ഐ.ടിയെ തന്നെ പ്രധാന അന്വേഷണ ചുമതല ഏൽപ്പിക്കാനാവുമോ എന്നതിൽ വ്യക്തത വരുത്താൻ സുപ്രീം കോടതി സൊളിസിറ്റർ ജനറലിന് നിർദ്ദേശം നൽകുകയായിരുന്നു.
അയോധ്യ സംഭാവനക്കൊള്ള: എസ്ഐടി അന്വേഷണ സാധ്യത ആരാഞ്ഞ് സുപ്രീം കോടതി
