നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച കേസിലെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദവാദം കേള്‍ക്കും.പ്രതികള്‍ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയല്‍ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്.മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കും. അഞ്ച് പ്രതികളും ഒളിവില്‍ ആണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.അന്വേഷണം നിർണ്ണായകഘട്ടത്തില്‍ ആണെന്നും ജാമ്യമനുവദിക്കരുതെന്നും എസ്ഐടി വാദിച്ചു. ഇന്നത്തെ വിശദവാദത്തിന് ശേഷം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യ അപേക്ഷയില്‍ വിധി പറയും.ഐപിസി 308 അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചേർത്താണ് അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗണ്മാൻമാരായ അനില്‍ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു.സംഭവത്തില്‍ ഗണ്മാൻ അനില്‍, എസ്കോർട്ട് പൊലീസുകാരായ അരുണ്‍, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവം: ഗണ്മാൻമാരുടെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിശദവാദം കേള്‍ക്കും
