മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരെങ്കിൽ ആനുകൂല്യമെന്തിന്? സംവരണത്തിൽ സുപ്രധാനനിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സംവരണത്തെയും സാമൂഹിക ചലനാത്മകതയെയും സംബന്ധിച്ച വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങൾ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു.പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെ, രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരായവരുടെ കുട്ടികൾക്ക് സംവരണം ആവശ്യമുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. “രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ, എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?” കോടതി നിരീക്ഷിച്ചു, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി സാമൂഹിക ചലനാത്മകതയിലേക്ക് നയിക്കുമെന്നും കോടതി പ്രത്യേകം സൂചിപ്പിച്ചു.“വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക ചലനാത്മകതയുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് വീണ്ടും സംവരണം ആവശ്യപ്പെട്ടാൽ, ഇതിൽ നിന്ന് നമ്മൾ ഒരിക്കലും പുറത്തുവരില്ല. അതും നാം ശ്രദ്ധിക്കേണ്ട വിഷയമാണ്,” ബെഞ്ച് പറഞ്ഞു. ഇത്തരം മുന്നാക്ക വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിരവധി സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെന്നും എന്നാൽ ഈ ഒഴിവാക്കലുകൾ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.“സാമൂഹിക ചലനാത്മകതയുണ്ട്. ഇപ്പോൾ ഇവരെ എല്ലാവരെയും ഒഴിവാക്കുന്നതിനുള്ള സർക്കാർ ഉത്തരവുകളുണ്ട്, എന്നാൽ അവർ ഈ ഒഴിവാക്കലിനെ ചോദ്യം ചെയ്യുകയാണ്. ഇതും ഓർമ്മയിൽ വെക്കണം,” കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *