തർക്കസ്ഥലം ഭോജ്ശാല ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ് ശാല ക്ഷേത്രം- കമാൽ മൗല പള്ളി സമുച്ചയത്തെച്ചൊല്ലിയുള്ള തർക്കത്തിൽ തീർപ്പ് കൽപിച്ച്‌ വിധി പുറപ്പെടുവിച്ച്‌ മധ്യപ്രദേശ് ഹൈക്കോടതി. തർക്കസ്ഥലം ഹൈക്കോടതി ക്ഷേത്ര സ്ഥലമായി പ്രഖ്യാപിച്ചു. ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് ആവാസ്തി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.തർക്കസ്ഥലത്ത് ഹിന്ദു ആരാധനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു. രേഖകളും ചരിത്ര വസ്തുക്കളും പ്രകാരം തർക്കസ്ഥലം ഭോജ് ശാലയാണെന്ന് സ്ഥാപിക്കുന്നുവെന്ന് കോടതി പറഞ്ഞു. പള്ളി പണിയണമെന്നുണ്ടെങ്കിൽ മുസ്ലിങ്ങൾ സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രത്യേകസ്ഥലം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു.ഇന്ത്യൻ പുരാവസ്തു സർവേയുടെ സംരക്ഷണത്തിലുള്ള 11-ാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ് ശാലയെ ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തമായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദുക്കൾ ഇതിനെ സരസ്വതി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു. മുസ്ലീങ്ങൾ ഇതിനെ കമാൽ മൗല പള്ളിയായും കണക്കാക്കുന്നു. 2003-ലെ കരാർ പ്രകാരം, ഭോജ് ശാല കോംപ്ലക്‌സിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിലാണ് പൂജ നടത്തുന്നത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾ അവിടെ നമസ്‌കാരം നിർവ്വഹിച്ചു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *