പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളില്‍ നിന്നുള്ള മലിന ജലവും പാഴ്വസ്തുക്കളും സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ട സംഭവത്തില്‍ സർക്കാർ വാഹനങ്ങള്‍ ജപ്തി ചെയ്യാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു.കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നുള്ള കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നടപടി.2010ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരു വശങ്ങളിലുമുള്ള ഓടകളില്‍ നിന്നുള്ള മലിന ജലം പുല്ലുവഴി പികെവി സ്മാരക ട്രസ്റ്റിന്റെയും വില്ലേജ് ഓഫീസിന്റെയും ഇടയിലുള്ള സർക്കാർ സ്ഥലത്ത് കൂടി ഓട നിർമിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിട്ടതിനെതിരെയാണ് സ്ഥലമുടമ കോടതിയെ സമീപിച്ചത്.സർക്കാർ, മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി റോഡ് സബ് ഡിവിഷനുകള്‍ എന്നിവരെ പ്രതികളാക്കിയാണ് ഹർജി നല്‍കിയത്. ഇതിനെ തുടർന്ന് മലിന ജലം ഒഴുക്കിവിടുന്നത് തടഞ്ഞ് കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട് സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. എന്നാല്‍ കോടതി വിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് 2025ല്‍ ഹർജിക്കാരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷക കമ്മിഷൻ നടത്തിയ പരിശോധനയില്‍ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി കണ്ടെത്തി.തുടർന്നാണ് സർക്കാർ വക വാഹനങ്ങള്‍ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. പെരുമ്പാവൂർ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹനങ്ങള്‍ ജപ്തി ചെയ്യാനാണ് നിർദേശം. വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യമായതിനാല്‍ നടപടി ഒഴിവാക്കണമെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. ജനങ്ങളുടെ സ്വത്തിനും അവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട സർക്കാർ തന്നെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് മലിന ജലം ഒഴുക്കിവിടുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ടി വി എല്‍ദോ ഹാജരായി.
കോടതി ഉത്തരവും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മലിന ജലമൊഴുക്കി, സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
