വീരപ്പന്‍ കേസ്; ഉദ്യോഗസ്ഥര്‍ക്കുള്ള പാരിതോഷികം മൂന്ന് മാസത്തിനുള്ളില്‍ കൈമാറാന്‍ ഹൈക്കോടതി

ബെംഗളൂരു : വീരപ്പനെ പിടികൂടിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കാന്‍ ഉത്തരവിട്ട് ബെംഗളൂരു ഹൈക്കോടതി. വീരപ്പന്‍ വേട്ടയ്ക്കായി നിയോഗിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സില്‍ (എസ്ടിഎഫ്) ഭാഗമായിരുന്ന 72 പേര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ പാരിതോഷികം നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും വനം വകുപ്പിനോടും നിര്‍ദേശിച്ചത്. നിലവില്‍ ഈ ഉദ്യോഗസ്ഥരെല്ലാം വിരമിച്ചവരാണ്.വീരപ്പന്‍ കേസിലെ എസ്ടിഎഫിന്റെ ഭാഗമായിരുന്ന വിരമിച്ച ഫോറസ്റ്റ് ഗാര്‍ഡ് എസ് ശ്രീനിവാസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി പരിഗണിച്ച ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ മഗദത്തിന്റെ സിംഗിള്‍ ബെഞ്ച് ഏപ്രില്‍ 21 ന് ഈ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 2005 ജൂലൈ 8 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികയിലുള്ള അര്‍ഹരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പാരിതോഷിക തുക ഉടന്‍ വിതരണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.വീരപ്പന്‍ ഓപ്പറേഷനില്‍ സജീവമായി പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കാണ് പാരിതോഷികം. അവരുടെ പേരുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ ഉണ്ട്. പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നഷ്ടപരിഹാരം ലഭിച്ചതിനാല്‍ അവര്‍ക്ക് പാരിതോഷികത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. കോടതി കേസ് ഇതിനകം തീര്‍പ്പാക്കി നഷ്ടപരിഹാരം നല്‍കിയിട്ടുള്ളതിനാല്‍, വീണ്ടും കോടതിയെ സമീപിക്കാന്‍ അവസരം നല്‍കാതെ ആവശ്യമായത് ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് പറഞ്ഞു.2024 ഓഗസ്റ്റ് 12-ന് 17 പേര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം, നഷ്ടപരിഹാരം ലഭിച്ചവരും നിലവിലെ ഹരജിക്കാരും തമ്മില്‍ യാതൊരു വിവേചനവും പാടില്ലെന്നും ബെഞ്ച് പറഞ്ഞു. പാരിതോഷിക തുക കുറച്ച് പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ബെഞ്ച് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും ലംഘിക്കരുതെന്നും കോടതി പറഞ്ഞു. വീരപ്പനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ ജീവന്‍ പണയപ്പെടുത്തി ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *