പെരുമ്പാവൂർ:കെട്ടിടത്തിന് ആഡംബരനികുതി ചുമത്തിയ തഹസിൽദാരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വെസ്റ്റ് വെങ്ങോല വട്ടയ്ക്കാട്ടു വീട്ടിൽ വി പി ബെഹനാന്റെ വീടിന് കുന്നത്തുനാട് മുൻ തഹസിൽദാർ സാബു കെ ഐസക് നികുതി ചുമത്തിയ നടപടിയാണ് റദ്ദാക്കിയത്. മൂന്നു നിലകളുള്ള കെട്ടിടം ഒറ്റക്കെട്ടിടമായി റിപ്പോർട്ട് ചെയ്താണ് ആഡംബരനികുതി ചുമത്തിയത്. ഒന്നും രണ്ടും നിലകളിലേക്ക് പ്രവേശിക്കാന്‍ കെട്ടിടത്തിന്റെ പുറത്ത് പടിക്കെട്ടുകൾ ഉണ്ടെന്നും മൂന്ന് നിലകളിലും അടുക്കളകൾ ഉണ്ടെന്നുമുള്ള വസ്തുതാ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.മൂന്നു നിലകളിലായി 703.59 ചതുരശ്രമീറ്റർ വരുന്ന കെട്ടിടം മക്കൾക്ക് ധനനിശ്ചയ ആധാരപ്രകാരം നൽകിയിട്ടുള്ളതാണ്. താഴത്തെ നില ആൻസൺ ബെഹനാന്റെ പേരിലും ഒന്നാംനില ബെൻസൻ ബെഹനാന്റെ പേരിലുമാണ് നൽകിയിരുന്നത്. ഇത് പരിഗണിക്കാതെയാണ് അറയ്ക്കപ്പടി വില്ലേജ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കുന്നത്തുനാട് താലൂക്ക് ഓഫീസ് ആഡംബരനികുതിയും ഒറ്റത്തവണ തീർപ്പ് കെട്ടിടനികുതിയും ചുമത്തിയത്.മുൻ വില്ലേജ് ഓഫീസർ റിപ്പോർട്ടുകൾ തെറ്റാണെന്ന് കണ്ടെത്തിയാണ് നടപടി റദ്ദാക്കി പുനഃപരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടത്. അധികമായി അടച്ച 52,050 രൂപ തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കർഷകനും റിട്ട. അധ്യാപകനുമാണ് ബെഹനാൻ. 13 വർഷമായി നടത്തിയ നിയമ പോരാട്ടത്തിനായി 6.5 ലക്ഷം രൂപ ചെലവായിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനിരിക്കയാണ് ഇദ്ദേഹം
തഹസില്‍ദാര്‍ ചുമത്തിയ ആഡംബരനികുതി ഹൈക്കോടതി റദ്ദാക്കി
