വിരുദുനഗർ സ്‌ഫോടനത്തില്‍ പടക്ക നിർമ്മാണ ശാല ഉടമകള്‍ക്കെതിരെ കേസ് എടുത്തു. ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികള്‍.വച്ചക്കാരൻ പെട്ടി പൊലീസാണ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. വിരുദുനഗർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോർട്ടം വേഗത്തില്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നല്‍കിയിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്ക്കെതിരെയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
വിരുദുനഗര്‍ സ്‌ഫോടനം: പടക്ക നിര്‍മ്മാണ ശാല ഉടമകള്‍ക്കെതിരെ കേസെടുത്തു; നാല് വകുപ്പുകള്‍ ചുമത്തി
