മയക്കുമരുന്ന് വ്യാപാരത്തിലൂടെ മകനുണ്ടാക്കിയ പണം വെളുപ്പിച്ചു; വയോധികയ്ക്ക് തടവുശിക്ഷയും, മൂന്ന് കോടിയോളം രൂപ പിഴയും വിധിച്ച്‌ കോടതി

കംബോഡിയയില്‍ നിലവില്‍ ജയിലില്‍ കഴിയുന്ന മകനുണ്ടാക്കിയ പണം വെളുപ്പിക്കാൻ സഹായിച്ച 90കാരിയായ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച്‌ കോടതി.മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്ന് മകനുണ്ടാക്കിയ പണം വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് വയോധികയെ കോടതി ശിക്ഷിച്ചത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് നിയമവിരുദ്ധ കടത്ത് തടയുന്നതിനുള്ള പ്രത്യേക കേസുകള്‍ സംബന്ധിച്ച നിയമം ലംഘിച്ചതിന് ഇഞ്ചിയോണ്‍ ജില്ലാ കോടതി വയോധികക്ക് ഒരു വർഷത്തെ തടവ് ശിക്ഷയും 386 മില്യണ്‍ വോണ്‍(മൂന്ന് കോടിയോളം) രൂപ പിഴയും ഒടുക്കാൻ വിധിച്ചു.മകൻ മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണമാണെന്ന് അറിഞ്ഞ ശേഷവും പണം വെളുപ്പിക്കാൻ കൂട്ടുനിന്നതിന്റെ പേരിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇത് മയക്കുമരുന്ന് വ്യപാരവുമായി വയോധികയ്ക്ക് ബന്ധം ഉണ്ടാക്കുന്നതാണെന്നാണ് കോടതി വ്യക്തമാക്കിയത്. അറിവില്ലായ്മയായി വയോധികയുടെ പ്രവർത്തിയെ വിലയിരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 2019ല്‍ കബോഡിയയിലെ മകന്റെ വ്യാപാര സ്ഥലം 5 തവണയാണ് വയോധിക സന്ദർശിച്ചത്.മകൻ അറസ്റ്റിലായ വിവരം ഇവർ അറിഞ്ഞിരുന്നുവെന്നും കോടതിക്ക് ബോധ്യമായിരുന്നു. 60കാരനായ വയോധികയുടെ മകൻ നിലവില്‍ കബോഡിയയില്‍ ജയിലില്‍ കഴിയുകയാണ്. മയക്കുമരുന്ന് വ്യാപിപ്പിക്കാനും അനധികൃതമായി വൻതുക ലാഭമുണ്ടാക്കാനും വയോധിക കൂട്ടുനിന്നുവെന്നും കോടതി കണ്ടെത്തി.എന്നാല്‍ മയക്കുമരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട് മറ്റ് കേസുകള്‍ ഇല്ലാത്തതും പ്രായവും കണക്കിലെടുത്താണ് ശിക്ഷ ഒരു വർഷമാക്കിയത്. 2,44,75,900 രൂപയാണ് 2020 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയിലായി പല അക്കൌണ്ടില്‍ നിന്ന് വയോധികയുടെ അക്കൌണ്ടിലെത്തിയത്. ഈ പണം മകൻ നിർദ്ദേശിച്ച അക്കൌണ്ടുകളിലേക്ക് മാറ്റിയാണ് വയോധിക പണം വെളുപ്പിക്കലിന് കൂട്ടുനിന്നത്. ഇവരുടെ മകൻ 2020ലാണ് കബോഡിയയില്‍ അറസ്റ്റിലായത്. മെത്താംഫെറ്റാമൈൻ കൈവശം വച്ചതിനാണ് 90കാരിയുടെ മകൻ അറസ്റ്റിലായത്. ജയിലില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് വ്യാപാരം തുടർന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.2019 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ദക്ഷിണ കൊറിയയിലേക്ക് കുറഞ്ഞത് ഒമ്പത് മയക്കുമരുന്ന് കയറ്റുമതികളെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ജയിലില്‍ നിന്ന് മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങള്‍ അദ്ദേഹം തുടർന്നും ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സമൂഹത്തിന് വലിയ ദോഷം ചെയ്യുന്നതാണെന്നും അതിനാല്‍ കർശനമായ ശിക്ഷ ആവശ്യമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ജഡ്ജിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *