ഹിമന്തയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന ആരോപണം; പവൻ ഖേരയുടെ മുൻകൂർ ജാമ്യത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. അസം പൊലീസ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്നായിരുന്നു പവൻ ഖേരയുടെ ആരോപണം.റിനികി ഭൂയാൻ ശർമ്മ നൽകിയ പരാതിയിൽ അസം പൊലീസാണ് നേരത്തെ പവൻ ഖേരയ്ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തത്. തുടർന്ന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഏപ്രിൽ 10ന് ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.തന്റെ ഭാര്യാ വീട് തെലങ്കാനയിൽ ആയതിനാലാണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്നാണ് പവൻ ഖേര നേരത്തെ പറഞ്ഞത്. പവൻഖേരയുടെ ദില്ലിയിലെ വസതിയിൽ എത്തി ദില്ലി പൊലീസും അസം പൊലീസും പരിശോധന നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. അതേസമയം വാർത്താ സമ്മേളനത്തിൽ ആയിരുന്നു ഭുയാന് മൂന്ന് പാസ്‌പോർട്ടുണ്ടെന്ന് പവൻ ഖേര ആരോപിച്ചത്. പിന്നാലെ റിനികി ഭുയാൻ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *