‘നീതി ഓരോ വീട്ടുപടിക്കലും എത്തണം’: നിയമസഹായം ലഭ്യമാക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രാജ്യത്തെ നിയമവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിയമങ്ങളുടെ അഭാവമല്ലെന്നും, മറിച്ച്‌ സാധാരണക്കാർക്ക് അവ ലഭ്യമാകുന്നതിലെ പരിമിതികളാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.നീതി ഓരോ സാധാരണക്കാരന്റെയും വീട്ടുപടിക്കല്‍ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ദേശീയ നിയമസേവന അതോറിറ്റി (NALSA), ഉത്തരാഖണ്ഡ് ഹൈക്കോടതി, സംസ്ഥാന നിയമസേവന അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച മേഖല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ അവകാശങ്ങളും അവയുടെ യഥാർത്ഥ ലഭ്യതയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയില്‍ ശക്തമായ അവകാശങ്ങളും നയങ്ങളുമുണ്ടെങ്കിലും ദൂരക്കൂടുതല്‍, കാലതാമസം, നടപ്പിലാക്കുന്നതിലെ പാളിച്ചകള്‍ എന്നിവ കാരണം അർഹരായവരിലേക്ക് അവ എത്തുന്നില്ല. നീതി നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രം കാര്യമില്ല. അത് സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തണം. ഒരു റിപ്പബ്ലിക്കിന്റെ കരുത്ത് അളക്കേണ്ടത് പ്രഖ്യാപിക്കപ്പെട്ട അവകാശങ്ങളിലൂടെയല്ല, മറിച്ച്‌ യഥാർത്ഥത്തില്‍ നടപ്പിലാക്കപ്പെടുന്ന അവകാശങ്ങളിലൂടെയാണ്. ഉത്തരാഖണ്ഡ് പോലുള്ള മലയോര സംസ്ഥാനങ്ങള്‍ നേരിടുന്ന ഭൂപ്രകൃതിപരമായ തടസ്സങ്ങളും മോശം യാത്രാസൗകര്യങ്ങളും നീതി ലഭ്യമാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ക്ക് അവകാശങ്ങള്‍ ഇല്ലാത്തതല്ല മറിച്ച്‌ അവ ചോദിച്ചു വാങ്ങാൻ കൃത്യമായ വേദികള്‍ ഇല്ലാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ വിജയം വലിയ കേസുകളിലല്ല, മറിച്ച്‌ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ നീതി എത്രത്തോളം ലഭ്യമാകുന്നു എന്നതിലാണ്. നിയമസഹായ പദ്ധതികള്‍, ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍, മള്‍ട്ടി സർവീസ് ക്യാമ്പുകള്‍ എന്നിവ നീതി ലഭ്യമാക്കാൻ ഫലപ്രദമായ മാർഗങ്ങളാണ്. ലഡാക്കിലെ സൈനികർ, ശ്രീനഗറിലെയും നാഗാലാൻഡിലെയും ഗോത്രവർഗ്ഗക്കാർ, കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെയെല്ലാം നിയമപരമായ ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.ദുർബല വിഭാഗങ്ങള്‍ പാർശ്വവല്‍ക്കരിക്കപ്പെടാതിരിക്കാൻ പ്രാദേശികമായ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്നും വിവിധ പ്രദേശങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മധ്യസ്ഥത, ലോക് അദാലത്തുകള്‍ തുടങ്ങിയ ബദല്‍ തർക്കപരിഹാര മാർഗങ്ങള്‍ കൂടുതല്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം മാർഗങ്ങള്‍ സാമൂഹിക ബന്ധങ്ങള്‍ തകരാതെ തന്നെ കുറഞ്ഞ ചിലവില്‍ വേഗത്തില്‍ തർക്കങ്ങള്‍ പരിഹരിക്കാൻ സഹായിക്കും. ഉത്തരാഖണ്ഡ് നിയമസേവന അതോറിറ്റിയുടെ ‘ന്യായ മിത്ര’ പോർട്ടല്‍ ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങളില്‍ നീതി എത്തിക്കാൻ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *