ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി സമൻസുകൾ അവഗണിച്ച സംഭവത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതി നോട്ടീസ്. കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ നടപടി.സമൻസുകൾക്ക് മറുപടി നൽകാതെ കെജ്‌രിവാൾ മനഃപൂർവം അന്വേഷണത്തിൽ നിന്ന് വിട്ടുനിന്നുവെന്നാണ് ഇ ഡിയുടെ വാദം. 2023-ൽ മൂന്ന് തവണ സമൻസ് അയച്ചിട്ടും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഹാജരായില്ലെന്ന് ഏജൻസി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് 2024 ഫെബ്രുവരിയിലും മാർച്ചിലും ഇ ഡി പരാതികൾ ഫയൽ ചെയ്തത്.കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 29-ലേക്ക് മാറ്റി. അതേസമയം, മദ്യനയക്കേസിൽ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട അപ്പീൽ ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളും മനീഷ് സിസോദിയയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ ആവശ്യം തള്ളിയിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി റൗസ് അവന്യൂ കോടതി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയും കുറ്റവിമുക്തരാക്കിയിരുന്നു. അഴിമതിക്കായി മദ്യനയം രൂപീകരിച്ചെന്ന സിബിഐ വാദം തള്ളിയ കോടതി, തെറ്റായ രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തിരുന്നു. ഈ വിധിക്കെതിരെയാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ അപ്പീലുമായി രംഗത്തെത്തിയിരിക്കുന്നത്
ഇ ഡി സമൻസുകൾക്ക് മറുപടി നൽകിയില്ല; അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി നോട്ടീസ്
