ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ പ്രതിഷ്ഠയുടെ സ്വഭാവം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണമെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ എഴുതി നല്കിയ വാദത്തില്‍ പറഞ്ഞു. ശബരിമല ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രമാണ്. മതപരമായ ആചാരങ്ങളും വിശ്വാസവും തീരുമാനിക്കാന്‍ ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി എസ് സുധീര്‍ ആണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. പ്രത്യേക മത വിഭാഗങ്ങളെക്കുറിച്ച് വിവിധ സുപ്രീംകോടതി വിധികളില്‍ വിശദീകരിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ഈ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ശബരിമല പ്രത്യേക മത വിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്ന് ദേവസ്വം ബോര്‍ഡ് ചതൂണ്ടിക്കാട്ടി.ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമേയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് വാദത്തില്‍ പറയുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ട്. കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് വിധി പറയരുത്. കോടതി പിന്തുടരുന്ന അനിവാര്യ മതാചാര പരിശോധന ഒഴിവാക്കണം. മതാചാരത്തെ അനിവാര്യമെന്നും അല്ലാത്തതെന്നും തരംതിരിക്കരുത്. മതസ്വാതന്ത്ര്യത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സന്തുലിതമായി വേണം വ്യാഖ്യാനിക്കാന്‍. ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ഹൈക്കോടതി വിധിയെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഒന്‍പതംഗ അംഗ ഭരണഘടനാ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചത്.
അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ്
