‘മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം’; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ പുതിയ ഹർജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് തിരുവനന്തപുരം സെഷൻസ് കോടതിയില്‍ സമർപ്പിച്ച പുതിയ ഹർജിയില്‍ പറയുന്നത്.നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത സംഭവത്തില്‍ ഫ്ലാറ്റ് കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി സംവിധാനത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയർടേക്കർ മൊഴി നല്‍കിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കെയർടേക്കറെ സ്വാധീനിച്ച്‌ രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്‌ഐടി സംഘം.രാഹുല്‍ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറില്‍ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്‌ഐടിക്ക് സംശയം ജനിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്.അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് പിന്നാലെ ജയിലിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തിനിടയില്‍ സംസ്ഥാന വ്യാപകമായി 20 കേസുകള്‍ രജിസ്റ്റർ ചെയ്തു.കണ്ണൂരില്‍ സുനില്‍മോൻ KM എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് എതിരെ ആണ് കേസ് എടുത്തത്. അതിജീവിതയുടെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടപടി. എറണാകുളം സൈബർ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. റസാഖ് പി എ, രാജു വിദ്യകുമാർ എന്നിവർക്കെതിരെയാണ് IT ആക്‌ട് പ്രകാരം കേസ് എടുത്തത്. ചില കേസുകളില്‍ ജാമ്യമില്ല വകുപ്പും ചുമത്തിയിട്ടുണ്ട്. അതിജീവിതയെ സൈബർ ഇടതില്‍ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *