വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാല്‍ പരാമർശിച്ച് കേരള ഹൈക്കോടതി.വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടില്‍ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ട മന്ത്രാലയത്തെക്കുറിച്ച് അവ്യക്തതയുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഓഫ് ഇന്ത്യ എ ആർ എല്‍ സുന്ദരേശൻ അറിയിച്ചത്.എന്നാല്‍, ഇന്നത്തെ ഹിയറിംഗില്‍, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ മന്ത്രാലയത്തിന് പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ ബോധിപ്പിച്ചു. ഇതുകേട്ടപ്പോള്‍ കോടതിയുടെ പ്രതികരണം അതിരൂക്ഷമായിരുന്നു:”ആർബിഐ സർക്കുലർ കാരണം കേന്ദ്ര സർക്കാരിന് പരിമിതിയുണ്ടെന്നോ? ആർബിഐ.യുമായി താരതമ്യം ചെയ്യുമ്ബോള്‍ കേന്ദ്രത്തിന്റെ പദവി എന്താണ്? ഇത്തരത്തിലുള്ള ഒരു സത്യവാങ്മൂലം മുൻപും ഫയല്‍ ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് താല്പര്യമുണ്ടോ എന്നതാണ് ഇവിടെ ചോദ്യം. നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ അധികാരമില്ലാത്തവരല്ല. ഒളിച്ചുവെക്കേണ്ട. ഇത്തരം സന്ദർഭങ്ങളില്‍ കേന്ദ്ര സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. മതി, മതി. ഞങ്ങള്‍ക്ക് ഇനി കേന്ദ്രത്തിന്റെ ദാനധർമ്മം ആവശ്യമില്ല.”
“കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്ന് പറയണം’: കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
