അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.വി. വേലുവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച കാരിക്കേച്ചർ നീക്കം ചെയ്യാൻ ജൂനിയർ വികടൻ മാസികയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറാണ് വേലുവിന്റെ ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാരിക്കേച്ചർ തുടർന്നും പ്രസിദ്ധീകരിക്കുന്നത് വേലുവിന് ദോഷകരമാകുമെന്ന് നിരീക്ഷിച്ച കോടതി, തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ചിത്രം നീക്കം ചെയ്യാൻ നിർദേശിച്ചു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഫണ്ട് അനുവദിച്ചതിൽ അഴിമതി നടന്നെന്ന പരാതിയിലാണ് വേലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് കരാറുകാരന് പണം നൽകിയെന്നായിരുന്നു ആരോപണം. 2022ൽ അരപ്പോർ ഇയക്കം എന്ന സന്നദ്ധ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2026 ജൂൺ 25ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (DVAC) വേലുവിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2025 ജൂൺ 23ന് വേലുവിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
ഐപിസിയിലെ 120ബി, 420, 409, 468, 471 വകുപ്പുകൾക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേലുവിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ജൂനിയർ വികടൻ മാസികയിൽ പ്രസിദ്ധീകരിച്ച കാരിക്കേച്ചറിനെതിരെ വേലു കോടതിയെ സമീപിച്ചത്. മുൻ മന്ത്രി അൻബിൽ മഹേഷിന് പിന്നാലെ മുഖ്യമന്ത്രി വിജയ് ലക്ഷ്യമിട്ടിരിക്കുന്നത് വേലുവിനെയാണെന്നും വേലുവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുമെന്നുമുള്ള സൂചനകളാണ് കാരിക്കേച്ചറിലുണ്ടായിരുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ നിലവിലെ ഹൈവേസ് ആൻഡ് മൈനർ പോർട്സ് വകുപ്പ് മന്ത്രിയായ ആദവ് അർജുന നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാസിക കാരിക്കേച്ചർ പ്രസിദ്ധീകരിച്ചതെന്ന് വേലു വാദിച്ചു. പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും കാരിക്കേച്ചർ നീക്കം ചെയ്തില്ലെങ്കിൽ തന്റെ സൽപ്പേരിന് ഗുരുതരമായ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കാരിക്കേച്ചർ നീക്കം ചെയ്യാൻ ഉത്തരവിട്ടാൽ മാസികയ്ക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്നും അനുകൂലമായ സാഹചര്യം തനിക്കാണെന്നും വേലു വാദിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി വേലുവിന് അനുകൂലമായി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
