ലഖ്‌നോ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നിശ്ചയിച്ച നഷ്ടപരിഹാരത്തുക അതേ അതോറിറ്റിക്ക് വീണ്ടും പരിശോധിച്ച് തിരുത്താനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദേശീയപാത നിയമപ്രകാരം നഷ്ടപരിഹാരം നിശ്ചയിച്ചുകഴിഞ്ഞാല്‍ പുതിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടാമതൊരു ഉത്തരവിറക്കി തുക മാറ്റാന്‍ ബന്ധപ്പെട്ട അധികാരിക്ക് നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.നഷ്ടപരിഹാരത്തുകയില്‍ പരാതിയുള്ളവര്‍ ദേശീയപാത നിയമത്തിലെ 3-G(5) വകുപ്പ് പ്രകാരം നിയോഗിക്കപ്പെട്ട ആര്‍ബിട്രേറ്ററെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ വര്‍മ്മ, ജസ്റ്റിസ് കുനാല്‍ രവി സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ മവായ് ഗ്രാമത്തില്‍ ദേശീയപാത 731Aയുടെ (രാം വന്‍ ഗമന്‍ മാര്‍ഗ്) നാലുവരിപ്പാത നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും തഹസില്‍ദാറും നടത്തിയ പരിശോധനയ്ക്കുശേഷം 2023 ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച അനുബന്ധ ഉത്തരവില്‍ കെട്ടിടങ്ങള്‍ക്ക് 68,00,650.78 രൂപ നഷ്ടപരിഹാരം അനുവദിച്ചു.2024 മാര്‍ച്ച് 11ന് തുക കൈപ്പറ്റുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. എന്നാല്‍ തുക അനുവദിക്കുന്നതിന് പകരം അധികൃതര്‍ വീണ്ടും മൂല്യനിര്‍ണയം നടത്തി. തുടര്‍ന്ന് 2024 ഓഗസ്റ്റ് 14ന് രണ്ടാമതൊരു അനുബന്ധ ഉത്തരവിറക്കി നഷ്ടപരിഹാരം 17,79,056 രൂപയായി കുറയ്ക്കുകയായിരുന്നു.ആദ്യ ഉത്തരവിലൂടെ നഷ്ടപരിഹാരം നിശ്ചയിച്ചതോടെ ബന്ധപ്പെട്ട അതോറിറ്റിക്ക് ആ വിഷയത്തിലുള്ള അധികാരം അവസാനിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ വാദം.ഹരജി അനുവദിച്ച കോടതി, തുക മാറ്റാന്‍ ബന്ധപ്പെട്ട അധികാരിക്ക് നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാക്കി. നിയമം അനുവദിക്കുന്ന അധികാരങ്ങള്‍ മാത്രമേ ബന്ധപ്പെട്ട അതോറിറ്റിക്ക് ഉപയോഗിക്കാനാകൂ. നഷ്ടപരിഹാരത്തുക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമം ആര്‍ബിട്രേഷന്‍ സംവിധാനം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം തിരുത്താന്‍ അതേ അതോറിറ്റിക്ക് അധികാരമില്ല; ഹൈക്കോടതി
