വിദ്യാര്‍ഥികളുടെ സമാധാനപരമായ പ്രതിഷേധാവകാശം ഇല്ലാതാക്കാനാവില്ല: ജസ്റ്റിസ് കെ. ബാബു

സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിദ്യാർഥികള്‍ക്കും ഉണ്ടെന്നും അത്തരമൊരു പ്രതിഷേധത്തിന്റെ പേരില്‍ അവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പുറത്താക്കരുതെന്നും കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെബാബു. സമാധാനപരമായ ധർണ ഭരണഘടനയുടെ അനുച്ഛേദം 19 ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ നവംബർ 11-ന് സംഘടിപ്പിച്ച ‘ഡിജിറ്റല്‍ ഭീഷണികളും ലിംഗനീതിയും’ എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ സസ്‌പെൻഷനിലായ വിദ്യാർഥികളുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ധർണ, നിരാഹാര സമരം, സത്യഗ്രഹം തുടങ്ങിയ രാഷ്ട്രീയ സമരരീതികള്‍ക്ക് ഭരണഘടനാപരമായ ജനാധിപത്യത്തിലും പ്രത്യേകിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനമില്ലെന്ന 2017-ലെ മറ്റൊരു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം സമീപകാല വിധിയില്‍ ആവർത്തിച്ചിരുന്നു. കാലടിയിലെ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിന്റെ വസ്തുതകളെക്കുറിച്ച്‌ പ്രതികരിക്കാതെ, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ജസ്റ്റിസ് ബാബു പറഞ്ഞു.1949 നവംബർ 25-ന് ഭരണഘടനാ നിർമാണസഭയില്‍ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗത്തിലെ ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്ന പ്രയോഗവും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനാപരമായ മാർഗങ്ങള്‍ ലഭ്യമായിരിക്കെ ഭരണഘടനാവിരുദ്ധമായ സമരരീതികള്‍ സ്വീകരിക്കുന്നതിനെതിരെയായിരുന്നു അംബേദ്കറുടെ മുന്നറിയിപ്പെന്ന് ജസ്റ്റിസ് ബാബു പറഞ്ഞു. സമാധാനപരമായി ഒത്തുചേരുന്നതും നിവേദനം നല്‍കുന്നതും പ്രകടനം നടത്തുന്നതും ഭരണഘടനാപരമായ മാർഗങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അനുച്ഛേദം 19(1)(എ) സംസാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. അനുച്ഛേദം 19(1)(ബി) ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം നല്‍കുന്നു. സമാധാനപരമായ പ്രതിഷേധവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികള്‍ പരാമർശിച്ച ജസ്റ്റിസ് ബാബു, പൊതുക്രമവും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കാൻ പ്രതിഷേധം നടത്തുന്ന രീതി നിയന്ത്രിക്കാമെന്ന് പറഞ്ഞു. വിദ്യാർഥികളാണെന്ന കാരണത്താല്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധാവകാശം തന്നെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്യായമായ ഫീസ്, ഹോസ്റ്റലിലെ ശോച്യാവസ്ഥ, സഹപാഠിയോടുള്ള അനീതി തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാർഥികള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരുടെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തോട് സമാധാനപരമായി ചോദ്യമുന്നയിക്കുന്ന വിദ്യാർഥി വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയർന്ന ലക്ഷ്യങ്ങളിലൊന്നാണ് നിറവേറ്റുന്നതെന്നും ജസ്റ്റിസ് ബാബു അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *