‘സിഖ്സ് ഫോർ ജസ്റ്റിസ്’ നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ യു.എസ് സിവില്‍ കോടതിയില്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട നടപടികളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവല്‍, റിസർച്ച് ആൻഡ് അനാലിസിസ് വിങ് മുൻ മേധാവി സാമന്ത് ഗോയല്‍ എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നല്‍കിയിരിക്കുന്ന കേസ് “വ്യാജവും ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണ്” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.വാരാന്ത്യ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാളാണ് ഇന്ത്യയുടെ കടുത്ത വിയോജിപ്പ് അറിയിച്ചത്. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കോ പൗരന്മാർക്കോ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജുഡീഷ്യല്‍ രേഖകളോ സമൻസുകളോ കൈമാറണമെങ്കില്‍ അത് രാജ്യത്തെ കേന്ദ്ര അതോറിറ്റിയായ നിയമ മന്ത്രാലയം വഴി മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.2023-ല്‍ ന്യൂയോർക്കില്‍ വെച്ച് തനിക്കെതിരെ വധശ്രമ ഗൂഢാലോചന നടന്നു എന്ന് ആരോപിച്ച് 2024 സെപ്റ്റംബറിലാണ് പന്നൂൻ യു.എസ് കോടതിയില്‍ സിവില്‍ ഹർജി നല്‍കിയത്. ഈ കേസിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ മാസം ഇന്ത്യൻ എംബസിക്ക് സമൻസ് സംബന്ധിച്ച ഡിപ്ലോമാറ്റിക് നോട്ടീസ് കൈമാറിയത്.സിവില്‍ കേസുകളില്‍ ഇത്തരം നോട്ടീസുകള്‍ കൈമാറുന്നത് ഫോറിൻ സോവറിൻ ഇമ്മ്യൂണിറ്റീസ് ആക്‌ട് (FSIA) പ്രകാരമുള്ള കേവലം നടപടിക്രമം മാത്രമാണെന്നും, ഇതില്‍ ആരോപണങ്ങളുടെ സത്യവിശ്വാസ്യതയിലോ ഹർജിയിലെ ഉള്ളടക്കത്തിലോ യു.എസ് ഗവണ്‍മെന്റിന് പ്രത്യേക നിലപാടില്ലെന്നും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
‘വ്യാജവും ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവും’: ഗുര്‍പത്‌വന്ത് സിങ് പന്നൂൻ്റെ ഹര്‍ജിയിലെ യു.എസ് കോടതി സമൻസിനെതിരെ ഇന്ത്യ
