സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണത്തില്‍ അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസിന് ജാമ്യം.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കായികമേളയിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അധ്യാപകനെതിരെ കേസെടുത്തിരുന്നത്.എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ജിജോയെ അറസ്റ്റ് ചെയ്തത്.
കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം
ജിജോ ജെയിംസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുന്ദമംഗലം പൊലീസ് കേസെടുത്തു.കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകര്‍ത്തതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
