ആറുവർഷം അന്യായ തടവ്; യുവാവിന് ആറുലക്ഷം നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: കൃത്യമായ അന്വേഷണമോ തെളിവുകളോ ഇല്ലാതെ നിരപരാധിയായ യുവാവിനെ ആറുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. മനഃപൂർവം കെട്ടിച്ചമച്ച കഥയുടെ പേരിൽ അന്യായമായി തടവിലടയ്ക്കപ്പെട്ട യുവാവിന് ഒരു മാസത്തിനകം ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി യുപി സർക്കാരിനോട് ഉത്തരവിട്ടു. ഉത്തരവിട്ട കാലാവധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 18 ശതമാനം പലിശ സഹിതം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ ആറുവർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. പൊലീസിന്റെ അലക്ഷ്യമായ അന്വേഷണവും പ്രോസിക്യൂഷന്റെ നിരുത്തരവാദപരമായ നടപടികളും നീതിന്യായ വ്യവസ്ഥയോടുള്ള കൊടും വഞ്ചനയാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സ്വന്തം ഉദ്യോഗസ്ഥരെ കൃത്യമായി അന്വേഷണം നടത്താൻ പഠിപ്പിക്കണമെന്ന് യുപി പൊലീസിനെ കോടതി ഉപദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *