തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത ജോലിക്ക് കോഴ കേസില്‍ മുൻ മന്ത്രി കെ.എൻ.നെഹ്‌റു നല്‍കിയ റിവ്യൂ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത കേസില്‍ മുൻ വിദ്യാഭ്യാസ മന്ത്രി അൻപില്‍ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി അനുവദിച്ചില്ല.ജോലിക്ക് കോഴ നല്‍കിയ കേസില്‍ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ.എൻ. നെഹ്‌റു പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു നെഹ്‌റുവിന്റെ പ്രധാന വാദം. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിനായി കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ, നെഹ്‌റുവിനെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ നിർദ്ദേശം 2025 ഒക്ടോബറില്‍ സ്റ്റാലിൻ സർക്കാർ തള്ളിയിരുന്നു. തുടർന്ന് എഐഎഡിഎംകെ എംപി അണ്ണാദുരൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയില്‍ ഫെബ്രുവരിയിലാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് വിജയ് സർക്കാർ അധികാരത്തില്‍ എത്തുകയും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കുറ്റാരോപിതനായ കെ.എൻ നെഹ്റു റിവ്യൂ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ഹൈക്കോടതിയില്‍ ഇരട്ടത്തിരിച്ചടി; രണ്ട് നേതാക്കള്‍ക്കെതിരെ അഴിമതി കേസില്‍ അന്വേഷണം മുന്നോട്ട്
മറ്റൊരു കേസില്‍ മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന നേതാവുമായ അൻപില്‍ മഹേഷ് പൊയ്യാമൊഴിയുടെ മുൻകൂർ ജാമ്യാപേക്ഷയും മദ്രാസ് ഹൈക്കോടതി തള്ളി. ‘പാർട്ടി ഫണ്ട്’ എന്ന പേരില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ നിന്ന് 100 കോടി രൂപ പിരിച്ചെടുത്തുവെന്ന ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അൻപില്‍ മഹേഷ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ പശ്ചാത്തലത്തില്‍ തമിഴ്‌നാട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
